ജേക്കബ് തോമസിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം

10:32 am 27/10/2016
download (3)
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ സിബിഐ സത്യവാങ്മൂലത്തെ ചൊല്ലി ബിജെപിയില്‍ തര്‍ക്കവും ആശയക്കുഴപ്പവും.
മാണിയെയും വെള്ളാപ്പള്ളിയെയും പ്രീതിപ്പെടുത്താനുള്ള നീക്കമാണോയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ സംശയം. അതേസമയം സിബിഐ നടപടിയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.
ജേക്കബ് തോമസിനെതിരായ സര്‍വ്വീസ് ചട്ടലംഘനകേസിനെ ചൊല്ലി സര്‍ക്കാര്‍ സിബിഐ പോര് മുറുകുന്നതിനിടെയാണ് പ്രശ്‌നം ബിജെപിയിലും ചര്‍ച്ചയാകുന്നത്. മാറാട് അടക്കമുള്ള പ്രമാദ കേസുകളില്‍ വിമുഖത കാണിക്കുന്ന സിബിഐ സര്‍വ്വീസ് ചട്ടലംഘന കേസില്‍ കാണിച്ച താല്പര്യം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബന്ധുനിയമന കേസില്‍ ജേക്കബ് തോമസിനെ വിശ്വാസത്തിലെടുത്തായിരുന്നു വി മുരളീധരനും കെ സുരേന്ദ്രനും വിജിലന്‍സിന് പരാതി നല്‍കി നിയമപ്പോര് തുടങ്ങിയത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ജേക്കബ് തോമസിനെതിരായ സിബിഐയുടെ കടുപ്പിക്കലിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായോ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ സംശയം. വിജിലന്‍സ് അന്വേഷണം നേരിടുന്ന മാണിയെയും വെള്ളാപ്പള്ളിയെയും പ്രീതിപ്പെടുത്താനാണോ നീക്കമെന്നും ഇവര്‍ സംശയിക്കുന്നു. ഒന്നുകില്‍ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു, അല്ലെങ്കില്‍ ബിഡിജെഎസ് കേന്ദ്ര സര്‍ക്കാര്‍ വഴി സ്വാധീനം ചെലുത്തി. ബിജെപിയിലെ മാണി വിരുദ്ധച്ചേരിക്ക് സംശയം പലതാണ്.
സിബിഐ നടപടിയില്‍ സര്‍ക്കാര്‍ ഇതിനകം കോടതിയില്‍ സംശയം പ്രകടിപ്പിച്ചു. വരും ദിവസം രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് സിപിഐഎം പാര്‍ട്ടിക്കെതിരെ രംഗത്തെത്താനിടയുണ്ടെന്നും ഒരു വിഭാഗം ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നു.