ജേക്കബ് തോമസിന്‍റെ രാജി: നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടു

11:55 AM 19/10/2016
download (2)
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയണമെന്നാവശ്യപ്പെട്ട് ഡോ. ജേക്കബ് തോമസ് കത്ത് നല്‍കിയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ വിശ്വാസ്യത നിയമസഭയില്‍ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാറിന് കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍െറ സെക്രട്ടറി ശിവശങ്കറിനും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനിനെറ്റോക്കും ജേക്കബ് തോമസ് കത്ത് നല്‍കിയത്.ജേക്കബ് തോമസിന്റെ രാജിയാവശ്യത്തില്‍ മുഖ്യമന്ത്രിയാവും അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി കൂടി വഹിക്കുന്ന നളിനി നെറ്റോ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയെ നേരില്‍കണ്ടാണ് കത്ത് കൈമാറിയത്. തന്നേക്കാള്‍ യോഗ്യരായവര്‍ ധാരാളമുണ്ടെന്നും അവരെ വിജിലന്‍സ് തലപ്പത്ത് കൊണ്ടുവരണമെന്നും ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജേക്കബ് തോമസ് തൽസ്ഥാനത്ത് തന്നെ തുടരണമെന്ന് മുഖ്യമന്ത്രി നിർദേശിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രിസഭാ യോഗവും നിയമസഭയും ഉള്ളതിനാൽ ഇന്ന് തന്നെ വിഷയത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത.

തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്ന ധനകാര്യപരിശോധനാവിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ ആരോപണ വിധേയനായ ഡയറക്ടറെ മാറ്റണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നു. വിഷയം നിയമസഭയില്‍ ചര്‍ച്ചയാവുകയും ചെയ്തു. മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമന വിവാദത്തില്‍ ജേക്കബ് തോമസ് സര്‍ക്കാറുമായി ഒത്തുകളിക്കുന്നെന്ന തരത്തിലായിരുന്നു പ്രതിപക്ഷ ആരോപണം.

എന്നാലിത് പാടേനിരാകരിക്കുന്ന നിലപാടാണ് ജേക്കബ് തോമസ് തിങ്കളാഴ്ച കൈക്കൊണ്ടത്. തെറ്റായവാര്‍ത്തകള്‍ പ്രചരിപ്പിച്ചതുകൊണ്ട് മാത്രം ഇട്ടെറിഞ്ഞ് പോകില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ ആഭ്യന്തര സെക്രട്ടറിയെ സന്ദര്‍ശിച്ച ജേക്കബ് തോമസ് വിജിലന്‍സില്‍ നിന്ന് മാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.