– മോഹന്‍ മാവുങ്കല്‍
ഫോമാ ക്യാപ്പിറ്റല്‍ റീജിയന്‍ ഭാരവാഹികളും ഡെലിഗേറ്റ്‌സും തോമസ് ജോസിന്റെ (ജോസുകുട്ടി) വിജയം സുനിശ്ചിതമാക്കുവാന്‍ പിന്തുണ പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ചാം തീയതി കൂടിയ യോഗത്തിലെ തീരുമാനം ഐക്യകണ്‌ഠ്യേനയും അതിവേഗത്തിലുമായിരുന്നു. എക്കാലവും ഫോമയ്ക്ക് പ്രതിഭയാര്‍ന്ന പ്രവര്‍ത്തകരെ നല്‍കിയിട്ടുള്ള ഒരു വിഭാഗമാണ് ക്യാപ്പിറ്റല്‍ റീജിയന്‍.
ആര്‍.വി.പി ഷാജു ശിവബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈരളി ഓഫ് ബാള്‍ട്ടിമൂര്‍, കെ.സി.എസ്, കെ.എ.ജി.ഡബ്ല്യു എന്നീ സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ഫോമ വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍, രാജ് കുറുപ്പ്, തോമസ് ജോസ്, മോഹന്‍ മാവുങ്കല്‍ എന്നിവര്‍ ഈ റീജിയന്‍ എക്കാലവും ഫോമയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ വിലയിരുത്തി സംസാരിച്ചു. വരുംകാലങ്ങളില്‍ ഫോമയില്‍ കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിക്കുന്നതിനുള്ള താത്പര്യവും സന്നദ്ധതയും ആവശ്യകതയും വിശദമാക്കുകയും ചെയ്തു.
തന്ത്രങ്ങള്‍ മെനയുന്നതിനുപരി, മിന്നിമറയുന്ന പരസ്യങ്ങള്‍ക്കുപരി തോമസ് ജോസിന്റെ കര്‍മ്മകുശലതയും പ്രവര്‍ത്തനമികവും, പരിചയവും, ദീര്‍ഘവീക്ഷണവും, അര്‍പ്പണബോധവും മുന്‍നിര്‍ത്തിയാവണം പ്രചാരണം എന്നു തീരുമാനിച്ചു. അനേക വര്‍ഷങ്ങളായി അദ്ദേഹത്തെ അടുത്തറിയാവുന്ന മലയാളി സമൂഹം അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തു. ഡെലിഗേറ്റുകളായ വസന്ത് നമ്പ്യാര്‍, ജിനേഷ് കുമാര്‍, അനില്‍ നായര്‍, മാത്യു വര്‍ഗീസ്, വിജോയ് പട്ടമ്മാടി, അലക്‌സാണ്ടര്‍ ജോസ്, രവി സരസ്വതി, നാരായണന്‍കുട്ടി മേനോന്‍, പയസ് തട്ടാശേരി എന്നിവരും സംസാരിച്ചു.
ഫോമ എന്ന തറവാടിനെ പ്രവര്‍ത്തനക്ഷമതകൊണ്ടും സാമൂഹിക പ്രതിബദ്ധതകൊണ്ടും കര്‍മ്മകുശലതകൊണ്ടും അര്‍ത്ഥപൂര്‍ണ്ണമാക്കുവാന്‍ തോമസ് ജോസിനെ വിജയശ്രീലാളിതനാക്കണമെന്ന് ഫോമ ക്യാപ്പിറ്റല്‍ റീജിയന്‍ അഭ്യര്‍ത്ഥിച്ചു. മോഹന്‍ മാവുങ്കല്‍ അറിയിച്ചതാണിത്.