08:44am 6/4/2016
ന്യൂഡല്‍ഹി: അങ്കമാലിയിലെ എല്‍.ഡി.എഫ് സിറ്റിങ് എം.എല്‍.എ ജോസ് തെറ്റയിലിന് ജനതാദള്‍എസ് കേന്ദ്രനേതൃത്വം സീറ്റ് നിഷേധിച്ചു. അങ്കമാലി നഗരസഭാ മുന്‍ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലിയെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി അഖിലേന്ത്യാ നേതാവുമായ ദേവഗൗഡ നയിക്കുന്ന പാര്‍ട്ടിയുടെ ഡല്‍ഹിയില്‍ നടന്ന നേതൃയോഗമാണ് തെറ്റയിലിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കേണ്ട എന്ന് തീരുമാനിച്ചത്. ജോസ് തെറ്റയില്‍ നേരത്തെ ലൈംഗികാരോപണം നേരിട്ട പശ്ചാത്തലത്തിലാണ് മത്സരരംഗത്തു നിന്ന് മാറ്റിനിര്‍ത്തിയത്.
ജനതാദള്‍എസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്നു സിറ്റിങ് എം.എല്‍.എമാര്‍ ഇടംനേടിയിട്ടുണ്ട്. വടകരസി.കെ. നാണു, തിരുവല്ലമാത്യു ടി. തോമസ്, കോവളംജമീല പ്രകാശം എന്നിവര്‍ക്കൊപ്പം ചിറ്റൂരില്‍ കെ. കൃഷ്ണന്‍ കുട്ടിയും മത്സരിക്കും.
ജോസ് തെറ്റയിലിനെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചെങ്കിലും മണ്ഡലം കമ്മിറ്റി അദ്ദേഹത്തെ പിന്തുണക്കുകയാണ് ചെയ്തത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനുമുമ്പേ അങ്കമാലിയില്‍ തെറ്റയിലിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അങ്കമാലിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7170 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോസ് തെറ്റയില്‍ കേരളാ കോണ്‍ഗ്രസ്‌ജേക്കബ് ഗ്രൂപ് സ്ഥാനാര്‍ഥി ജോണി നെല്ലൂരിനെ പരാജയപ്പെടുത്തിയത്.