പട്ന: ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ബിഹാറിലും ഝാര്‍ഖണ്ഡിലുമായി വെടിയേറ്റു മരിച്ചത് രണ്ടു മാധ്യമപ്രവര്‍ത്തകര്‍. വെള്ളിയാഴ്ച രാത്രിയാണ് ബിഹാറിലെ ഹിന്ദി ഡെയ്ലി ഹിന്ദുസ്ഥാന്‍ ബ്യുറോ ചീഫ് രജ്ദേവ് രഞ്ജന്‍ സിവാന്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. സിവാന്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് അഞ്ചു തവണയാണ് രഞ്ജനു വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് പിടിയിലായിടഏടുണ്ട്. എന്നാല്‍ കൊലപാതകത്തിനു പിന്നിലുള്ളകാരണം പോലീസിന് വ്യക്മല്ല. ആരുമായും രഞ്ജന്‍ വ്യക്തിപരമായി പ്രശ്നങ്ങളില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രൊഫഷണല്‍ കൊലയാളിയാണോ വെടിവച്ചതെന്ന് തള്ളിക്കളയാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടാണ് ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ മാധ്യമ പ്രവര്ത്തകന് വെടിയേറ്റു മരിച്ചത്. പ്രദേശിക ന്യൂസ് ചാനലിലെ ജീവനക്കാരനായ അഖിലേഷ് പ്രതാപ് സിംഗ് (35) ആണ് മരിച്ചത്. ഗ്രാമത്തിലെ പഞ്ചായത്ത് സെക്രട്ടേറിയറ്റിനു സമീപമാണ് സിംഗിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഈ കേസില്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇരുകൊലപാതകങ്ങളിലും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അരുണ്‍ ജെയ്റ്റലി അപലപിച്ചു. മാധ്യമങ്ങളുടെ നിഷ്പക്ഷ ശബ്ദം മസ്സില് പവര്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മാഫിയ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും പ്രതികരിച്ചു.