11:30am 23/6/2016
പി.പി.ചെറിയാന്‍
മൊഡസ്റ്റൊ(കാലിഫോര്‍ണിയാ): സിക്ക് മതാചാരപ്രകാരം ടര്‍ബന്‍ ധരിച്ചും, താടി വളര്‍ത്തിയും പോലീസ് ഉദ്യോസ്ഥനായി സത്യപ്രതിജ്ഞ ചെയ്യുക എന്ന ചരിത്രസംഭവത്തിന് മൊഡസ്റ്റൊ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആദ്യമായി സാക്ഷ്യം വഹിച്ചു.
ക്ലീന്‍ ഷേവ് ചെയ്ത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുക എന്ന പതിവ് സിക്ക് വംശജനായ വരിന്ദര്‍ കുന്‍കുനിന്റെ(Varinder Khun Khun) സത്യപ്രതിജ്ഞാ ചടങ്ങോടെ ആദ്യമായാണ് തിരുത്തികുറിക്കപ്പെട്ടത്.
ഇന്ത്യയില്‍ ജനിച്ച് നാപ പോലീസ് അക്കാദമിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത മുപ്പത്തിമൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഇരുപത്തിയെട്ടുക്കാരനായ വരിന്ദര്‍.
‘ടര്‍ബന്‍ ധരിച്ച ഒരു പോലീസ് ഓഫീസറേയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്കു ഇങ്ങനെ ഒരു അനുമതി ലഭിക്കുമെന്ന് ഒട്ടു പ്രതീക്ഷിച്ചിരുന്നില്ല.’ പോലീസ് ഓഫീസറായി സത്യ പ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വരിന്ദര്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പു ജോലിക്കു വേണ്ടി അപേക്ഷിക്കുമ്പോള്‍ ടര്‍ബന്‍ ധരിച്ചു, താടി വളര്‍ത്തിയും മാത്രമേ ജോലിയില്‍ പ്രവേശിക്കുകയുള്ളൂവെന്ന് പോലീസ് ചീഫ് ഗേലന്‍ കേരളിനെ വരിന്ദര്‍ അറിയിച്ചിരുന്നു.
2012 ല്‍ ഗവര്‍ണ്ണര്‍ ജെറി ബൗണ്‍ ഒപ്പിട്ട ഫെയര്‍ എംപ്ലോയ്‌മെന്റ് ആക്ടില്‍ മറ്റു മതങ്ങളുടെ ആചാരം അംഗീകരിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയിരുന്നു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സിക്ക് മതവിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ അവസരം ലഭിച്ചതില്‍ സിക്ക് വംശജര്‍ ആഹഌദഭരിതരാണ്.