ടാമ്പാ ഓണാഘോഷം സെപ്റ്റംബര്‍ പത്തിന്; വിപുലമായ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:55 am 10/9/2016
Newsimg1_97021635
ടാമ്പാ: നാടും നഗരവും ഇളക്കിമറിച്ചുകൊണ്ടുള്ള ഓണാഘോഷത്തിന് ടാമ്പാ മലയാളികള്‍ തയാറായിക്കഴിഞ്ഞു. ഇരുപത്താറാമത്തെ ഓണാഘോഷത്തിന് തയാറെടുക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) വളരെ ചിട്ടയായ രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

21 വിഭവങ്ങളോടുകൂടിയ ഓണസദ്യ 12 മണിക്ക് ആരംഭിക്കും. സുനില്‍ വര്‍ഗീസും, ഷാജി ജോസഫും കൂട്ടരും അതിനുള്ള ഒരുക്കത്തിലാണ്. 2 മണിയോടെ മാവേലി മന്നനെ എഴുന്നള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. എല്ലാവരും കേരളീയ വേഷത്തില്‍ എത്തിച്ചേരണമെന്ന് കോര്‍ഡിനേറ്റര്‍ സജി കരിമ്പന്നൂര്‍ അറിയിച്ചു.

2.30-ഓടെ തിരുവാതിരയോടുകൂടിയുള്ള കലാപരിപാടികള്‍ ആരംഭിക്കും. സൗത്ത് ഫ്‌ളോറിഡയില്‍ നിന്നുള്ള ശ്രുതിലയയുടെ പാഞ്ചാരിമേളവും, എം.എ.സി.എഫ് ചെണ്ടമേളം ടീം അവതരിപ്പിക്കുന്ന ശിങ്കാരിമേളവും, ഓണാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.

കേരളത്തില്‍ നിന്നെത്തിയ സാബു തിരുവല്ലയും, വില്യംസും സദസിനെ തങ്ങളുടെ കലാപ്രകടനത്തിലൂടെ ഇളക്കിമറിക്കുമെന്നുള്ളത് തീര്‍ച്ചയാണ്. സാബു ഏഷ്യാനെറ്റ് വാല്‍ക്കണ്ണാടിയുടെ അവതാരകനുംകൂടിയാണ്. വില്യംസ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് നമ്മുടെ മനംകവര്‍ന്നത്. പരിപാടികള്‍ കൃത്യസമയത്തുതന്നെ ആരംഭിക്കുമെന്ന് സെക്രട്ടറി ഷീലാ ഷാജുവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് ജോര്‍ജും അറിയിച്ചു.

അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിട്ടുള്ള എല്ലാ ഇന്ത്യക്കാരേയും വോട്ടിംഗില്‍ പങ്കെടുപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വോട്ടിംഗ് രജിസ്‌ട്രേഷനുള്ള സൗകര്യം 1 മണി മുതല്‍ 3 മണി വരെ ഒരുക്കിയിട്ടുണ്ട്. ഫോമയുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിനിംഗിന്റെ ഭാഗമായിട്ടാണ് ഇതു നടത്തുന്നത്. ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ്‌സ് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതാണ്. അമേരിക്കന്‍ പൗരത്വമുള്ള എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

ഫ്‌ളോറിഡയിലുള്ള എല്ലാ മലയാളി കുടുംബങ്ങളേയും സെപ്റ്റംബര്‍ പത്തിന് ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മുതല്‍ നടക്കുന്ന ഓണാഘോഷങ്ങളിലേക്ക് പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്ത് പ്രത്യേകമായി ക്ഷണിക്കുന്നു. വിലാസം: knanaya Community Center, 2620 Washington Rd, Valrico, FL 33594.