ടി.ഐ.എഫ്.എഫ് മേളയ്ക്കരികില്‍ മഹാമനസ്സുകളുടെ സംഗമം

08:49 am 23/9/2016

– ജെയിംസ് മാത്യു, എംഡി, മില്‍വാക്കി
Newsimg1_64155082
ടൊറോന്റോ: ടൊറോന്റോ അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവല്‍ മേള (ടിഐഎഫ്എഫ്)യുടെ മിന്നിത്തിളക്കങ്ങളില്‍ നിന്നും ശബ്ദകോലാഹലങ്ങളില്‍ നിന്നുമകന്ന്, ഒന്റേറിയോ തടാകതീരത്തുള്ള വെസ്റ്റിന്‍ ഹാര്‍ബര്‍ പാലസ്സിന്റെ മുപ്പത്തെട്ടാം നിലയില്‍ രണ്ടു മഹാമനസ്സുകള്‍ ഒത്തുകൂടി. മാനവരാശിയുടെ ഉന്നമനത്തിനായി ആജീവനാന്തം യത്‌നിച്ചവരായിരുന്നു, ഇരുവരും; ഒരാള്‍ ശാസ്ത്രത്തിലൂടെയും മറ്റെയാള്‍ കലയിലൂടെയും.

അസ്തമയസൂര്യന്റെ ചെങ്കിരണങ്ങളേറ്റു തിളങ്ങിയിരുന്ന തടാകത്തിലവിടവിടെ ഒരു പകലത്തെ സഞ്ചാരമവസാനിപ്പിച്ചു കരയിലേയ്ക്കു മടങ്ങുന്ന, ശുഭ്രനിറമുള്ള പായ്‌­വഞ്ചികളായിരുന്നു. വര്‍ണശബളമായ ആ കാഴ്­ച കണ്ട്, പച്ചക്കറികളും സമുദ്രോല്പന്നങ്ങളുമടങ്ങിയ ഭക്ഷണം രുചിച്ചുകൊണ്ട് ഇരുവരുമിരുന്നു. അവരുടെ സംഭാഷണം ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേയ്ക്കു കടന്നു. ഇടയ്ക്കിടെ ഹിന്ദിയിലേയ്ക്കും. തടാകത്തില്‍ ഒഴുകി നടക്കുന്ന പായ്‌­വഞ്ചികളെപ്പോലെ സ്വതന്ത്രമായിരുന്നു, അവരുടെ വിഷയങ്ങള്‍. ചിലപ്പോഴവ അതിസാധാരണമായിരുന്നു; ചിലപ്പോള്‍ അതിഗഹനവും.

കാനഡയുടെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ ബഹുമതിയായ “ഓര്‍ഡര്‍ ഓഫ് കാനഡ’ ലഭിച്ച മഹദ്‌­വ്യക്തിയാണ് ലോകത്തിലെ എണ്ണപ്പെട്ട ഹൃദയശാസ്ത്രഗവേഷകരിലൊള്‍ കൂടിയായ ഡോക്ടര്‍ സലിം യൂസുഫ്. കേരളത്തില്‍ ജനിച്ച അദ്ദേഹം കാനഡയിലെ ഏറ്റവുമധികം ജനവാസമുള്ള ഒന്റേറിയോ പ്രോവിന്‍സിലെ ഹാമില്‍ട്ടണ്‍ തുറമുഖനഗരത്തില്‍ നിന്നെത്തിയിരുന്നത് അന്തര്‍ദ്ദേശീയപ്രശസ്തിയാര്‍ജിച്ച മലയാളസിനിമാസംവിധായകനും പത്മവിഭൂഷണുമായ അടൂര്‍ ഗോപാലകൃഷ്ണനെ കാണാനും ആദരിയ്ക്കാനുമായിരുന്നു. ടൊറൊന്റോ അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ തന്റെ പുതിയ ചിത്രമായ “പിന്നെയും’ അവതരിപ്പിയ്ക്കാന്‍ വേണ്ടിയെത്തിയതായിരുന്നു അടൂര്‍. ഇരുവരുടേയും പ്രഥമസമാഗമമായിരുന്നു അത്.

“സര്‍, കുപ്പിവെള്ളമല്ലേ വേണ്ടത്? നിശ്ചലമോ പതയുന്നതോ?’ വെയ്­റ്റര്‍ ചോദിച്ചു.

കുപ്പിവെള്ളം രണ്ടു തരമുണ്ട്: പതഞ്ഞു പൊങ്ങുന്നതൊന്ന്. പതഞ്ഞുപൊങ്ങാതെ, നിശ്ചലമായിരിയ്ക്കുന്നതാണു മറ്റേത്.

“എനിയ്ക്ക് കുപ്പിവെള്ളമേ വേണ്ട,’ വെയ്റ്ററുടെ ചോദ്യത്തിനു മറുപടി പറഞ്ഞത് ഡോക്ടര്‍ യൂസുഫ് ആയിരുന്നു. അദ്ദേഹം അടൂരിനോടായിപ്പറഞ്ഞു, “ഞാന്‍ കുപ്പിവെള്ളത്തിനെതിരാണ്.’

“പേരെന്താ’, ഡോക്ടര്‍ വെയ്­റ്ററോടു ഹിന്ദിയില്‍ ചോദിച്ചു. “എവിടെയാ നാട്?’

“ബംഗ്ലാദേശാണു, സര്‍.’
“സന്തോഷം. കാര്യങ്ങളൊക്കെ നന്നായി നടക്കുന്നില്ലേ?’
“ഉവ്വ്, സര്‍.’
“കണ്ടതില്‍ സന്തോഷം. എനിയ്ക്ക് ടാപ്പുവെള്ളം തന്നാല്‍ മതി.’

ഹൃദയശാസ്ത്രഗവേഷകന്‍ ഒലീവോയിലില്‍ മുക്കിയ, ഉപ്പും കുരുമുളകും വിതറിയ, ചൊറുക്ക തളിച്ച ബ്രെഡ് കലാകാരനു കൊടുത്തുകൊണ്ട് അത്താഴം ആരംഭിച്ചു.

സംഭാഷണം ഗൗരവമുള്ള വിഷയങ്ങളിലേയ്ക്കു കടന്നു.

ചരിത്രവിഷയത്തിലവര്‍ കേരളപ്പിറവിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ അയവിറക്കി. ഭൂമി ആരുടേയും സ്വന്തമല്ലാതിരുന്നൊരു കാലഘട്ടത്തെപ്പറ്റി അടൂര്‍ സംസാരിച്ചു. സര്‍വരും ഭൂമിയെ ആസ്വദിച്ചിരുന്ന അക്കാലം പില്‍ക്കാലത്തു സര്‍വേയും സ്വകാര്യ ഉടമസ്ഥതയും പ്രോത്സാഹിപ്പിയ്ക്കുന്ന വിദേശാധിപത്യത്തിനും “നൂതനസംസ്കാരചിന്ത’യ്ക്കും വഴി മാറിക്കൊടുത്തു.

അടൂര്‍ പറഞ്ഞതു കേട്ടപ്പോള്‍ ഈ ലേഖകന്‍ മഹാനായ അമേരിക്കന്‍ കവിയും പരിസ്ഥിതിപ്രേമിയുമായിരുന്ന ഹെന്‍ട്രി ഡേവിഡ് തെറോയുടെ വാക്കുകളോര്‍മ്മിച്ചുപോയി: “ഭൂമിയെ ആസ്വദിയ്ക്കുക, സ്വന്തമാക്കരുത്.’

ഡോക്ടര്‍ യൂസുഫ്, ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ശാസ്ത്രത്തിനാകുമോ, ഈ ലേഖകന്‍ അത്ഭുതപ്പെട്ടു. അക്രമവും അപകടങ്ങളും മൂലം എത്രയധികം പേരാണ് ഈ ലോകത്തില്‍ മരിയ്ക്കുന്നത്?

“ലോകത്തു നടക്കുന്ന ആകെ മരണങ്ങളുടെ ഒമ്പതു ശതമാനം അക്രമങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നുമുള്ള പരിക്കുകള്‍ മൂലമാണ്.’ ഡോക്ടര്‍ പറഞ്ഞു. “ശരിയാണ്, ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തുന്നത് ആരോഗ്യശാസ്ത്രം മാത്രമല്ല. സാമൂഹിക­സാമ്പത്തിക­രാഷ്ട്രീയഘടകങ്ങള്‍ക്കും ആരോഗ്യത്തില്‍ വലുതായ സ്വാധീനമുണ്ട്. എങ്കിലും, ആരോഗ്യസൂചികകള്‍ പൊതുവില്‍ ശരിയായ ദിശയിലേയ്ക്കു തന്നെയാണു സഞ്ചരിയ്ക്കുന്നത്. അമ്പതു വര്‍ഷം മുമ്പ് മനുഷ്യരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 39 വര്‍ഷം മാത്രമായിരുന്നു. ഇന്നത് അറുപതിനു മുകളിലായിരിയ്ക്കുന്നു.’

ദശലക്ഷം വ്യക്തികള്‍ക്കായി താന്‍ കേരളത്തില്‍ സമീപകാലത്തു തുടങ്ങിയിരിയ്ക്കുന്ന “കിരണ്‍’ എന്ന പദ്ധതിയെക്കുറിച്ചും ഡോക്ടര്‍ പരാമര്‍ശിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയിരിയ്ക്കുന്ന ആ പദ്ധതി കേരളത്തിലെ രോഗങ്ങളുടേയും മരണങ്ങളുടേയും മൂലകാരണം കണ്ടെത്തും. “അവയ്ക്കുള്ള മൂലകാരണം നമുക്കറിയില്ലെങ്കില്‍ നാമവ കണ്ടെത്തുക തന്നെ വേണം. ഉദാഹരണത്തിന്, വിറകുകൊണ്ടു പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക നമ്മുടെ ജനതയുടെ ആരോഗ്യത്തെ എത്രത്തോളം പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്?’ ഡോക്ടര്‍ യൂസുഫ് വിശദീകരിച്ചു.

ചര്‍ച്ച വീണ്ടും കലയിലേയ്ക്കു തിരിഞ്ഞു. കലയും സാഹിത്യവും വളരുകയും സമൂഹത്തെ സമ്പന്നമാക്കുകയും ചെയ്‌തൊരു കാലഘട്ടം കേരളചരിത്രത്തിലുണ്ടായിരുന്നു. അതെന്തുകൊണ്ടായിരുന്നെന്ന് ഈ ലേഖന്‍ ആരാഞ്ഞു.

നിലവാരമുള്ള കലയേയും സാഹിത്യത്തേയും പ്രോത്സാഹിപ്പിച്ചിരുന്ന ഭരണകര്‍ത്താക്കളും സമ്പന്നരും അക്കാലത്തുണ്ടായിരുന്നു, അടൂര്‍ പറഞ്ഞു. “കലയ്ക്കും സാഹിത്യത്തിനും വേണ്ടി സംസ്ഥാനബജറ്റിന്റെ എത്ര ശതമാനം നീക്കിവെയ്ക്കാറുണ്ടിപ്പോള്‍!’

മധുരപലഹാര മെനു കൊണ്ടുവരട്ടേ, സര്‍?
വേണ്ട. നന്ദി. ആഹാരം അസ്സലായിരുന്നു.

സൂര്യനസ്തമിച്ചിരുന്നു. പായ്‌­വഞ്ചികളെല്ലാം കരയ്ക്കണഞ്ഞു കഴിഞ്ഞിരുന്നു. കടല്‍ത്തീരം വൈദ്യുതദീപങ്ങള്‍ കൊണ്ടു പ്രകാശമാനമായിരുന്നു. നക്ഷത്രങ്ങള്‍ ആകാശത്തില്‍ ചിതറിക്കിടന്നു തിളങ്ങി. ചലച്ചിത്രമേളയ്ക്കരികില്‍ നടന്ന മഹദ്‌­വ്യക്തികളുടെ സംഗമത്തിനു തിരശ്ശീല വീണു.

ജെയിംസ് മാത്യു, എംഡി, മില്‍വാക്കി അറിയിച്ചതാണിത്.