07:08pm 01/5/2016
കൊച്ചി: ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് മതതീവ്രവാദികള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ഒ.രാജഗോപാല്‍ എംഎല്‍എ നയിക്കുന്ന വിജയയാത്രക്ക് വൈറ്റിലയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതതീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് സെന്‍കുമാറിനെതിരെ ഒരു മതതീവ്രവാദ സംഘടന പ്രചാരണം നടത്തിയിരുന്നു. മതതീവ്രവാദ ശക്തികളുടെ വോട്ട് നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. സംസ്ഥാനത്തുടനീളം സിപിഎം വോട്ട് എന്‍ഡിഎ പിടിച്ചെടുത്തിരുന്നു. ന്യൂനപക്ഷ തീവവ്രവാദ സംഘടനകളുടെ വോട്ട് നേടിയാണ് സിപിഎം ഈ തിരിച്ചടി മറികടന്നത്. ഇതിനുള്ള പ്രത്യുപകാരമായാണ് സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയത്. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ശക്തികളോട് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍.കെ.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോര്‍ജ് കുര്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, കേരള വികാസ് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പ്രകാശ് കുര്യാക്കോസ്, ബിജെപി ജില്ലാ ഭാരവാഹികളായ എം.എന്‍.മധു, എന്‍.സജികുമാര്‍, സഹജ ഹരിദാസ്, സരള പൗലോസ്, എന്‍.എം.വിജയന്‍, സജിനി രവികുമാര്‍, എന്‍.എല്‍.ജയിംസ് എന്നിവര്‍ സംസാരിച്ചു. അഡ്വ.കെ.എസ്.ഷൈജു സ്വാഗതവും ടി.പി.മുരളി നന്ദിയും പറഞ്ഞു.