ടെക്‌സസ്സിലെ കര്‍ശന ഗര്‍ഭചിദ്ര നിയന്ത്രണങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി

– പി.പി.ചെറിയാന്‍
unnamed
വാഷിംഗ്ടണ്‍: ടെക്‌സസ് സംസ്ഥാനം അംഗീകരിച്ച കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമങ്ങള്‍ സ്ത്രീകള്‍ക്കു ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് യു.എസ്. സുപ്രീം കോടതി.

ടെക്‌സസ് സംസ്ഥാനത്തുണ്ടായിരുന്ന നാല്പതോളം അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ മുപ്പതെണ്ണം അടച്ചുപൂട്ടിയതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച കേസ്സിലാണ് സുപ്രീം കോടതി എട്ടംഗ ജഡ്ജിംഗ് പാനലിലെ ഭൂരിപക്ഷം അംഗങ്ങള്‍ വിധിയെഴുതിയത്. ജൂണ്‍ 27 തിങ്കളാഴ്ച ഉണ്ടായ സുപ്രീംകോടതി വിധ ടെക്‌സസ്സ് സംസ്ഥാനത്തിന് മാത്രമല്ല, ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ബാധകമാകുമെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. 2013 ല്‍ ജൂലായ് മാസം ഗവര്‍ണ്ണര്‍ റിക്ക്‌പെറിയാണ് റിപ്പബ്ലിക്കന്‍ ഭൂരിപക്ഷ ലജിസ്ലേച്ചര്‍ അംഗീകരിച്ചു പാസ്സാക്കിയ നിയമത്തില്‍ ഒപ്പിട്ടത്. ടെക്‌സസ്സിലെ 900,000 ഗര്‍ഭസ്ഥ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ എത്തിചേരണമെങ്കില്‍ 300 മൈലോളം ഡ്രൈവ് ചെയ്യേണ്ടിവരുന്നത് അവരില്‍ അമിതഭാരം അടിച്ചേല്പിക്കുന്നതിന് തുല്യമാണ്. ഇത് അംഗീകരിക്കാനാവില്ല. ഭൂരിപക്ഷ ജഡ്ജിമാരുടെ തീരുമാനം പ്രഖ്യാപിച്ച ജസ്റ്റിസ് സ്റ്റീഫന്‍ ജി ബ്രയര്‍ പറഞ്ഞു. അമേരിക്കയില്‍ ഗര്‍ഭചിദ്രം നിയമവിധേയമാക്കികൊണ്ടു സുപ്രീം കോടതിവിധി പ്രഖ്യാപിച്ചതിനുശേഷം ഈ കേസ്സില്‍ ആദ്യമായാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

വിധി പ്രഖ്യാപിച്ചതോടെ സുപ്രീംകോടതിക്കു പുറത്തു അബോര്‍ഷന്‍ അനുകൂലികള്‍ ആഹ്‌ളാദ പ്രകടനം നടത്തി. സ്ത്രീകള്‍ക്കു ലഭിച്ചിരുന്ന സംരക്ഷണം സുപ്രീം കോടതിവിധിയോടെ ഇല്ലാതായെന്നാണ് ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.