ടൊറന്റൊ ഡയോസിസിന് പ്രഥമ ‘ഗെ’ സഫ്രഗന്‍ ബിഷപ്പ് –

08:46 pm 22/9/2016

പി. പി. ചെറിയാന്‍
Newsimg1_94087835
ടൊറന്റൊ(കാനഡ): ടൊറന്റൊ ഡയോസിസിന്റെ പ്രഥമ ‘ഗെ’ സഫ്രഗന്‍ ബിഷപ്പമായി റവ. കാനന്‍ കെവിന്‍ റോബര്‍ട്ട്‌സണിനെ (45) തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ 17ന് കാനഡയിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ഇലക്ട്രറല്‍ സിനഡ് യോഗം ചേര്‍ന്നു തിരഞ്ഞെടുത്ത മൂന്ന് സഫ്രഗന്‍ ബിഷപ്പുമാരില്‍ ഒരാളാണ് റവ. കെവിന്‍ റോബര്‍ട്ട്‌സണ്‍. റവ. റിസില്ല വാല്‍ഷ് ഷൊ, റവ. കാനന്‍ ജെനി ആന്‍ഡിസണ്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍.

ടൊറന്റൊ ഡയോസിസിലെ നാല് എപ്പിസ്‌കോപ്പല്‍ ഏരിയായില്‍ ഒന്നില്‍ ഗെ ബിഷപ്പിനെ നിയമിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് കോളിന്‍ ജോണ്‍സണ്‍ അറിയിച്ചു. പുരുഷ പങ്കാളിയുമായി ഒരു വീട്ടില്‍ കഴിയുന്ന സ്വവര്‍ഗ്ഗാനുരാഗിയാണ് പുതിയതായി ചുമതലയേല്ക്കുന്ന ബിഷപ്പ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. 1997 ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ പട്ടക്കാരനായി ചുമതലയേറ്റ കെവിന്‍ ടൊറന്റൊയിലെ ട്രിനിറ്റി കോളേജില്‍ നിന്നും മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം നേടിയിട്ടുണ്ട്.

1999ല്‍ കാനഡയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമാനുസൃതമായി അംഗീകരിച്ചതിനു മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 2002 ല്‍ കാനഡ ആംഗ്ലിക്കന്‍ ചര്‍ച്ച് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയിരുന്നു. കാനഡ ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ ചരിത്രത്തില്‍ ആദ്യമായി ‘ഗെ’ ബിഷപ്പായി തന്നെ തിരഞ്ഞെടുത്തതില്‍ കെവിന്‍ റോബിര്‍ട്ട്‌സണ്‍ സഭാ നേതൃത്വത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി. സഭയുടെ ചരിത്രത്തില്‍ സുപ്രധാന ദിനം കൂടിയാണിത്. കെവിന്‍ പ്രതികരിച്ചു. ആംഗ്ലിക്കന്‍ സഭാംഗങ്ങളില്‍, പ്രത്യേകിച്ചു കാനഡയില്‍, ‘ഗെ’ ബിഷപ്പിനെ നിയമിച്ചതിനെ അനുകൂലിച്ചും എതിര്‍ത്തും ഗൗരവമായ ചര്‍ച്ചകളാണ് ഉയര്‍ന്നു വരുന്നത്.