ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വിജിലന്‍സ് റെയ്ഡ

02.07 AM 29/10/2016
Tom_jose_760x400
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫഌറ്റില്‍ വിജിലന്‍സ് റെയ്ഡ്. എറണാകുളത്തെ കലൂരിലുള്ള ഫഌറ്റില്‍ വിജിലന്‍സ് റെയ്ഡിനെത്തിയെങ്കിലും പൂട്ടിക്കിടക്കുന്നതിനാല്‍ തുടങ്ങനായില്ല. ടോം ജോസിന്റെ ഭാര്യ ഇരിങ്ങാലക്കുടയില്‍ നിന്നു എത്തിയ ശേഷമേ ഇവിടെ റെയ്ഡ് തുടങ്ങൂ.
വിജിലന്‍സ് എറണാകുളം സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ടോം ജോസിനെതിരെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. എറണാകുളം സ്‌പെഷല്‍ സെല്ലിനാണ് കേസിന്റെ അന്വേഷണ ചുമതല.
തിരുവനന്തപുരം വെള്ളയമ്പലത്തെ ഫഌറ്റിലാണ് ഇന്നു രാവിലെ ആറു മുതല്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. മഹാരാഷ്ര്ടയിലെ സിന്ധുദുര്‍ഗയില്‍ ടോം ജോസ് നടത്തിയ 50 ഏക്കര്‍ ഭൂമിയിടപാടിലും എറണാകുളത്ത് ഫഌറ്റ് വാങ്ങിയതിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണമെന്നാണ് വിവരം. ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്നാണ് വിജിലന്‍സിന്റെ എഫ്‌ഐആറിലെ റിപ്പോര്‍ട്ട്.
വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് ടോം ജോസിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടു മാസമായി പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. മഹാരാഷ്ര്ടയിലും കേരളത്തിലുമായി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും എഫഐആറില്‍ പറയുന്നതായാണ് വിവരം.
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ ഫഌറ്റിലെ പരിശോധനയുടെ പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കെയാണ് ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ടോം ജോസിനെതിരെ കേസെടുത്തിരിക്കുന്നത്.