ടോമിന്‍ തച്ചങ്കരിയെ മാറ്റി

07:40 pm 19/8/2016

download (2)
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വിവാദ തീരുമാനങ്ങള്‍ സംബന്ധിച്ച് ഗതാഗത കമ്മീഷണറും വകുപ്പ് മന്ത്രിയും തമ്മില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തച്ചങ്കരിക്ക് എതിരായി. എഡിജിപി അനന്തകൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷണറാകും. അതേസമയം, തച്ചങ്കരിയുടെ പുതിയ ചുമതല സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പുതിയ സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ടോമിന്‍ തച്ചങ്കരിയും തമ്മില്‍ വകുപ്പിലെ പല പദ്ധതികളെച്ചൊല്ലിയും ഭിന്നത നിലനിന്നിരുന്നു. തച്ചങ്കരി തന്നോട് ആലോചിക്കാതെ പല തീരുമാനങ്ങെടുക്കുന്നുവെന്നും വകുപ്പിന് ചീത്തപ്പേര് ഉണ്ടാക്കുന്ന തരത്തില്‍ പല വിവാദങ്ങളും ഉണ്ടാകുന്നുവെന്ന പരാതി ഗതാഗത മന്ത്രിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നു മുഖ്യമന്ത്രിയോട് പരാതിപ്പെടുകയും ചെയ്തു.

പെട്രോള്‍ വാങ്ങാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ്, മന്ത്രിമാരുടെ കാറുകള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയ തീരുമാനം എന്നിവ തുടങ്ങി ഒടുവില്‍ നടത്തിയ ജന്മദിനാഘോഷം വരെ മന്ത്രിയും കമ്മീഷണറും തമ്മിലുള്ള ഭിന്നതയ്ക്കു കാരണമായിരുന്നു. ഇതു കൂടാതെ എന്‍സിപിയും വിഷയത്തില്‍ കടുത്ത നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.