ട്രംപിനെ തോൽപ്പിക്കാൻ ഫേസ്ബുക്ക് സഹ സ്ഥാപകൻ നൽകിയത് 20 കോടി ഡോളർ

06:45 PM 10/09/2016
images (2)
ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ തോൽപ്പിക്കാൻ ഫേസ്ബുക്ക് സഹ സ്ഥാപകൻ 20 കോടി ഡോളർ സംഭാവന നൽകി. ഹാർവാർഡിൽ മാർക്ക് സക്കർബർഗിന്‍റെ സുഹൃത്തും ഫേസ്ബുക്ക് സഹ സ്ഥാപകനുമായ ഡസ്റ്റിൻ മോസ്കോവിറ്റ്സാണ് പണം നൽകിയത്.

അമേരിക്കയുടെ നിലപാടുകൾക്കും നയങ്ങൾക്കുമപ്പുറം വംശീയധ്രുവീകരണം ഉണ്ടാക്കുന്നതിന് ട്രംപും കാരണമായെന്നും അതിനാൽ താനും ഭാര്യയും ചേർന്നാണ് സംഭാവന നൽകാൻ തീരുമാനിച്ചതെന്നും മോസ്കോവിറ്റ്സ് വ്യക്തമാക്കി.

തെറ്റായ രീതിയിലുള്ള പ്രചാരണങ്ങളുമായാണ് ട്രംപ് മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് എന്നാൽ ജനഹിത പരിശോധനയാണ്. താനും ഭാര്യയും ആദ്യമായാണ് തെരഞ്ഞെടുപ്പിന് സംഭാവന നൽകുന്നത്. കുടിയേറ്റത്തെ കുറിച്ചുള്ള ഹിലരിയുടെ നിലപാടിനെ വിശ്വസിക്കുന്നു. അമേരിക്കക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിന് കുടിയേറ്റം സഹായിച്ചു എന്ന നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും മോസ്കോവിറ്റ്സ് കൂട്ടിച്ചേർത്തു.

ഹിലരി വിക്ടറി ഫണ്ട്, ഡെമോക്രാറ്റിക് കോൺഗ്രഷനൽ ഗ്രൂപ്പ്, ദ ലീഗ് ഒാഫ് കൺസെർവേഷൻ വോട്ടേഴ്സ് എന്നീ ഹിലരിയുടെ രാഷ്ട്രീയ കമ്മിറ്റികളിലേക്കാണ് സംഭാവന തുക നൽകുക.