ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള ട്രംപ് സര്‍വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസുകള്‍ ഒത്തുതീര്‍ത്തു.

09:05 am 20/11/2016
images (2)

വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള ട്രംപ് സര്‍വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസുകള്‍ ഒത്തുതീര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് 170 കോടി രൂപ (25 മില്യണ്‍ യു.എസ് ഡോളര്‍) നല്‍കിയാണ് ട്രംപ് ആറു വര്‍ഷം മുമ്പ് തുടങ്ങിയ നിയമനടപടികള്‍ അവസാനിപ്പിച്ചത്.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സര്‍വകലാശാല തങ്ങളെ കബളിപ്പിച്ചു വിദ്യാര്‍ഥികളുടെ പരാതി. കേസില്‍ വിചാരണ ഈ മാസം 25ന് തുടങ്ങാനിരിക്കെയാണ് ട്രംപിന്‍െറ നടപടി. കേസിന്‍െറ വിചാരണ പലവിധത്തില്‍ നീട്ടിക്കൊണ്ടുപോവാന്‍ ട്രംപ് ശ്രമിച്ചതായി വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോടതിക്കുപുറത്ത് വിഷയം ഒത്തുതീര്‍ക്കാന്‍ കാലിഫോര്‍ണിയ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ട്രംപ് വഴങ്ങിയിരുന്നില്ല.നിയമക്കുരുക്കുകള്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ഭയമാണ് ഒത്തുതീര്‍പ്പിന് അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.