ട്രംമ്പ് പ്രസിഡന്റാകുന്നത് ഇന്ത്യക്ക് ഗുണകരമെന്ന് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി

03:15pm 13/4/2016
പി.പി.ചെറിയാന്‍
unnamed (1)
ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ട്രംമ്പ് നോമിനേറ്റ് ചെയ്യപ്പെടുകയും, അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യുന്നത്. ഇന്ത്യക്ക് ഗുണകരമാകുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റക്കല്‍ ആക്ഷന്‍ കമ്മറ്റി ഫൗണ്ടറും അമേരിക്കന്‍ ലോയറുമായ ആനന്ദ് അഹൂജ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 19ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന നിര്‍ണ്ണായക പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രംമ്പിന്റെ വിജയം ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ ആക്ഷന്‍ കമ്മിറ്റി വാഗ്ദാനം ചെയ്തു.

മൂന്ന് പ്രധാന കാരണങ്ങളാണ് ട്രംമ്പിന് വോട്ട് ചെയ്യുന്നതിന് പ്രേരകമായിട്ടുള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

നിയമവിരുദ്ധമായി അമേരി്കയിലേക്ക് കുടിയേറുന്ന മെക്‌സിക്കന്‍ ജനതയെ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അമേരിക്കയില്‍ കുടിയേറിയ ഏകദേശം പതിനൊന്ന് മില്യണ്‍ ഇല്ലിഗല്‍ പൗരന്മാരെ ഇവിടെനിന്നും പുറത്താക്കുമെന്നും ട്രംമ്പിന്റെ പ്രഖ്യാപനം ഇന്ത്യക്ക് സഹായകരമാകുമെന്ന് ആനന്ദ് അഭിപ്രായപ്പെട്ടു.

ഇന്നത്തെ അമേരിക്കന്‍ ഗവണ്‍മെന്റ് പാക്കിസ്ഥാനോട് കാണിക്കുന്ന കൂടുതല്‍ അടുപ്പം ട്രംമ്പ് പ്രസിഡന്റാകുന്നതോടെ ഇല്ലാതാകുന്നത് കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കയിലേക്ക് വരുന്നതിനുള്ള അവസരമൊരുക്കുമെന്നും കരുതപ്പെടുന്നു. ആവശ്യമായ യാത്രാരേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയവരെ പുറത്താക്കുന്നതോടെ, ഇവിടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നും, ഇന്ത്യയില്‍ നിന്നും നിയമ വിധേയമായി കൂടുതല്‍ പേര്‍ക്ക് അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും അഹൂജ പറഞ്ഞു.

പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി അഡ്വാന്‍സ് സ്റ്റഡി ഓഫ് ഇന്ത്യ സെന്റര്‍ ഡയറക്ടര്‍ ദേവേഷ്‌കപൂര്‍ ആനന്ദിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. 2008 ല്‍ 80 ശതമാനം ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയെയാണ് പിന്തുണച്ചതെന്ന് കപൂര്‍ പറയുന്നു. ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ട്രംമ്പ് വന്‍ വിജയം നേടുമെന്നാണ് സര്‍വ്വെ ചൂണ്ടികാണിക്കുന്നത്.