ട്രമ്പിന്റെ വിജയത്തില്‍ പ്രതിഷേധവുമായ് കോളേജ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍

01.40 PM 11/11/2016
trump protesters
പി.പി. ചെറിയാന്‍
ഓസ്റ്റിന്‍: ഡൊണാള്‍ഡ് ട്രമ്പിന്റെ വിജയത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടു യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ ഓസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. നവം.9 ബുധനാഴ്ചയായിരുന്നു ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയതോടെ വാഹനഗതാഗതം നിറുത്തിവെച്ചു. ഓസ്റ്റിന്‍ ഡൗണ്‍ ടൗണിലൂടെ പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ ട്രമ്പിനെതിരെ മുദ്രാവാക്യം മുഴക്കുകയും, പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് മുന്നേറിയത്. പ്രകടനം അക്രമാസക്തമാകാതിരിക്കുന്നതിന് പോലീസ് പോലീസ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.
ഡാളസ്സ്, ഓസ്റ്റിന്‍, ഡന്റന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
എല്‍ജിബിടി, സ്വവര്‍ഗ്ഗരാഗികള്‍, എന്നിവര്‍ക്കെതിരെ ട്രമ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രകടനം സംഘടിപ്പിച്ചത്.
ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ട്രമ്പിനെതിരെ പ്രതിഷേധിക്കുന്നവര്‍ ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നാണ്. പലരും അഭിപ്രായപ്പെട്ടത്. ഹില്ലരിയുടെ പരാജയം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സഹിക്കാവുന്നതിലധികമായിരുന്നു.
അമേരിക്കയുടെ പല സംസ്ഥാനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പരാജയം സംഭവിച്ചവര്‍ വിദ്യാര്‍ത്ഥികളെ സ്വാന്തനപ്പെടുത്തുന്നതിനുള്ള പ്രസ്താവനകളോ, നടപടികളോ സ്വീകരിക്കാത്തത് പൗരന്മാരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ട്രമ്പ് അധികാരത്തിലേറിയാല്‍ പ്രതിഷേധ ശക്തികള്‍ സജ്ജീവമാകുമോ എന്നൊരു ചോദ്യം ശക്തിയായി ഉയരുന്നുണ്ട്.