ട്രെയിനിലെ കവര്‍ച്ച: മോഷ്ടിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു വിദഗ്ധര്‍

03:29 pm 10/8/2016
download (1)
തിരുവനന്തപുരം: റിസര്‍വ് ബാങ്കിലേക്ക് ട്രെയിന്‍മാര്‍ഗം കൊണ്ടുപോയ നോട്ടുകെട്ടുകള്‍ മോഷ്ടാക്കള്‍ക്ക് എളുപ്പം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിവിധ ബാങ്കുകളില്‍ നിന്നും കാലപഴക്കം ചെന്നതും മുഷിഞ്ഞതുമായ നോട്ടുകള്‍ ശേഖരിച്ച് പകരം പുതിയ നോട്ടുകള്‍ വാങ്ങാനാണ് റിസര്‍വ് ബാങ്കിലേക്ക് നോട്ടുകള്‍ അയച്ചത്.

ഇത്തരത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്കിലേക്ക് മുഷിഞ്ഞതും കാലപഴക്കം ചെന്നതുമായ നോട്ടുകള്‍ എത്തിക്കുന്നതിനെ സോളിഡ് നോട്ട് റെമിറ്റന്‍സ് എന്നാണ് പറയുക. റിസര്‍വ് ബാങ്കിന് കൈമാറുന്ന നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അതിന് വാല്യു നല്‍കിയ ശേഷം പുതിയ നോട്ടുകള്‍ നല്‍കുകയാണ് പതിവ്. സേലം-ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും മോഷണം പോയ നോട്ടുകെട്ടുകള്‍ മോഷ്ടാക്കള്‍ക്ക് എളുപ്പത്തില്‍ വിപണിയിലിറക്കാന്‍ സാധിക്കില്ലെന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന വിവരം.

ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ചരക്കു ബോഗിയുടെ മേല്‍ക്കൂര തകര്‍ത്ത് 5.78 കോടി രൂപയാണ് അപഹരിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സേലത്തെ അഞ്ചു ബാങ്കുകളില്‍ നിന്നു ശേഖരിച്ചു ചെന്നൈയിലേക്കു ട്രെയിനില്‍ കൊണ്ടുപോയ കാലാവധി കഴിഞ്ഞതും മുഷിഞ്ഞതുമായ നോട്ടുകളാണു മോഷ്ടിക്കപ്പെട്ടത്. തിങ്കാളാഴ്ച രാത്രി സേലത്തുനിന്നു പുറപ്പെട്ട എക്‌സ്പ്രസ് ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.55നു ചെന്നൈ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണു മോഷണവിവരം അധികൃതര്‍ അറിയുന്നത്.

226 തടിപ്പെട്ടികളിലായി 342 കോടി രൂപയുടെ 23 ടണ്‍ നോട്ടാണു മൂന്നു ബോഗികളിലായി ട്രെയിനില്‍ ഉണ്ടായിരുന്നത്. മുഷിഞ്ഞ നോട്ടുകളും ജൂണ്‍ 30നു മുമ്പ് വിപണിയില്‍ നിന്നു പിന്‍വലിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ട 2005നു മുമ്പ് പുറത്തിറക്കിയ നോട്ടുകളുമായിരുന്നു ഇവ. ആയുധധാരികളായ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ പണത്തിനു കാവല്‍ ഉണ്ടായിരുന്നു. നോട്ടുകള്‍ സൂക്ഷിച്ചിരുന്ന ഒരു ബോഗിയുടെ മേല്‍ക്കൂര ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറത്തു മാറ്റിയാണു മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ബോഗി തുറന്നു പരിശോധിച്ചപ്പോഴാണു മോഷണവിവരം അറിയുന്നത്.

പുലര്‍ച്ചെ 1.30 ഓടെ സേലം- വിരുദാചലം സ്റ്റേഷനുകള്‍ക്കിടയിലാണു മോഷണം നടന്നതെന്നു പോലീസ് സംശയിക്കുന്നു. ഇലക്ട്രിക് എന്‍ജിനു പകരം ഡീസല്‍ എന്‍ജിന്റെ സഹായത്തോടെയാണ് ഈ പാതയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നത്. മോഷണസംഘത്തെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണ ത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. മോഷണത്തിനു റെയില്‍വേ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണേ്ടായെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അവരുടെ സഹായമില്ലാതെ ഇത്രയും വലിയ കവര്‍ച്ച നടക്കാനിടയില്ലെന്ന സംശയത്തെത്തുടര്‍ന്നാണ് ആ വഴിക്കും അന്വേഷണം നടക്കുന്നത്.