ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളി സംഘടനകള്‍ക്ക് മാതൃക : ഡോ:കൃഷ്ണകിഷോര്‍

09:35am 10/5/2016

– ജോര്‍ജ്ജ് ഓലിക്കല്‍
Newsimg1_38236371
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറം അമേരിക്കയിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയാണെന്ന് ഏഷ്യാനെറ്റ് യു.എസ്.എയുടെ മുഖ്യവാര്‍ത്ത അവതാരകന്‍ ഡോ:കൃഷ്ണ കിഷോര്‍ പറഞ്ഞു. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2016-ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.

അമേരിയ്ക്കയിലെ മറ്റ് നഗരങ്ങളില്‍ കാണാത്ത ഐക്യം ഫിലാഡല്‍ഫിയായില്‍ കാണാന്‍ കഴിഞ്ഞെ ന്നും മലയാളികളുടെ പൊതുഉത്സവങ്ങളായ ഓണാഘോഷവും, കേരളപ്പിറവിയും സംയുക്തമായി കൊണ്ടാടുക വഴി ഉദാത്തമായ മാതൃകയാണ് അമേരിക്കയിലെ മലയാളി സമൂഹത്തിന് ട്രൈസ്റ്റേറ്റ് കേരളാഫോറം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാഹോദര്യസ്‌നേഹത്തിന്റെ നഗരമെന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായില്‍ 2015-ലെ പോപ്പിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ആഗോള കുടുംബസംഗമം കവര്‍ ചെയ്യാന്‍ ലോകമെമ്പാടുമുള്ള വാര്‍ത്താമാദ്ധ്യമങ്ങള്‍ എത്തിയിട്ടുണ്ടെന്നും അതോടെ ഫിലാഡല്‍ഫിയാ ആഗോളതലത്തില്‍ പ്രശസ്തി നേടിയെന്നും, ഏഷ്യാനെറ്റ് യു.എസ്.എയുടെ വാര്‍ത്ത അവതാരകനായി ഫിലാഡല്‍ഫിയായില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രൈസ്റ്റേറ്റ് കേരളാ പോറം പോലുള്ള സംഘടനകള്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സൂചിപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ കേരളാഫോറം ചെയര്‍മാന്‍ ഫിലിപ്പോസ് ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. സെപ്തംബര്‍ 4-ന് ഫിലാഡല്‍ഫിയായില്‍ സംഘടിപ്പിയ്ക്കുന്ന സംയുക്ത ഓണാഘോഷപരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും ട്രൈസ്റ്റേറ്റ് ഏരിയായിലുള്ള പതിനഞ്ചില്‍പ്പരം സംഘടനകളുടെ പിന്തുണ തേടി ഓണാഘോഷ ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യഅതിഥി ഡോ:കൃഷ്ണ കിഷോറിനെ ജീമോന്‍ ജോര്‍ജ്ജ് പരിചയപ്പെടുത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോര്‍ജ്ജ് ഓലിക്കല്‍(ഫൊക്കാന), അലക്‌സ് തോമസ്(ഏഷ്യന്‍ ഫെഡറേഷന്‍), സുധ കര്‍ത്താ(പമ്പ), തമ്പി ചാക്കോ (മുന്‍ ചെയര്‍മാന്‍), ബന്നി കൊട്ടാരത്തില്‍(കോട്ടയം അസോസിയേഷന്‍), രാജന്‍ സാമുവേല്‍(ഫ്രണ്ട്‌സ് ഓഫ് തിരുവല്ല), സജി കരിംകുറ്റി(ഫ്രണ്ട്‌സ് ഓഫ് റാന്നി), വിന്‍സെന്റ് ഇമ്മാനുവേല്‍(ഏഷ്യാനെറ്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സുമോദ് നെല്ലിക്കാല, അനൂപ് ജോസഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചും ട്രൈസ്റ്റേറ്റ് കേരളാഫോറം ജനറല്‍ സെക്രട്ടറി തോമസ് പോള്‍ പരിപാടികള്‍ ക്രമീകരിച്ചു. ട്രഷറര്‍ സുരേഷ് നായര്‍ നന്ദി പ്രകാശനം നടത്തി.