ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം വര്‍ണ്ണാഭമായി

04:51 pm 15/9/2016

– സുരേഷ് നായര്‍
Newsimg1_97416299
ഫിലാഡല്‍ഫിയ: വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടുകൂടി ഫിലാഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം ആഘോഷിച്ചു. പതിനഞ്ചില്‍പ്പരം സംഘടനകളുടെ കേന്ദ്രസംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സെന്റ് തോമസ് സീറോ മലബാര്‍ ഹാള്‍ മലയാളികളുടെ മാമാങ്കമായി മാറി.

നിലവിളക്കിന്റേയും താലപ്പൊലിയുടേയും, ചെണ്ടമേളത്തിന്റേയും, അത്തപ്പൂക്കളത്തിന്റേയും സാന്നിധ്യത്തില്‍ മാവേലിമന്നനെ ആദരവോടെ എതിരേറ്റു. മഹാബലിയായി വേഷമിട്ടത് ന്യൂയോര്‍ക്കില്‍ നിന്നുള്ള അപ്പുക്കുട്ടന്‍ പിള്ളയായിരുന്നു. മഹാബലിയുടെ ആശംസയും, തിരുവാതിരയും തുടര്‍ന്ന് ഭദ്രദീപവും തെളിയിച്ചു.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ഫിലിപ്പോസ് ചെറിയാന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ സ്വാമി ഉദിത് ചൈതന്യ ഓണസന്ദേശം നല്‍കി. മഹാബലിയുടെ യഥാര്‍ത്ഥ ചരിത്രം ഭാഗവതത്തെ ആസ്പദമാക്കി സ്വാമിജി വിവരിച്ചു. മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തി എന്ന കഥ തിരുത്തണം. ‘സുതലം’ എന്ന നല്ല തലത്തിലേക്ക് മഹാബലിയെ ഉയര്‍ത്തുകയാണ് വാമനന്‍ ചെയ്തത് എന്ന് സ്വാമിജി പറഞ്ഞു. ഓണം നല്‍കുന്ന സന്ദേശം പങ്കുവെയ്ക്കലിന്റേതാണെന്നും, ഒരു പുഞ്ചിരി നല്‍കിയാലും അതിന്റെ മഹത്വം അതുല്യമാണെന്നും സ്വാമിജി ചൂണ്ടിക്കാട്ടി.

മൈക്ക് ഫിറ്റ്‌സ് പാട്രിക് (കോണ്‍ഗ്രസ് മാന്‍), ജോണ്‍ സബറ്റീന (സ്റ്റേറ്റ് സെനറ്റര്‍), ഡിവൈറ്റ് എവല്‍സ് (സ്റ്റേറ്റ് റപ്രസന്റേറ്റീവ്), ആല്‍റ്റോബന്‍ ബര്‍ഗര്‍ (സിറ്റി കൗണ്‍സില്‍മാന്‍) തുടങ്ങിയ വിവിധ രാഷ്ട്രീയ- സാമൂഹിക നേതാക്കള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഓണാഘോഷ ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ് സ്വാഗതവും, ട്രഷറര്‍ സുരേഷ് നായര്‍ നന്ദിയും പറഞ്ഞു. ഇദംപ്രഥമമായി ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് സിറ്റി കൗണ്‍സിന്റെ സാമ്പത്തിക സഹായവും ചെയര്‍മാന്‍ ഫിലിപ്പോസ് ചെറിയാന്‍, സെക്രട്ടറി തോമസ് പോള്‍, ട്രഷറര്‍ സുരേഷ് നായര്‍ എന്നിവര്‍ക്ക് സിറ്റിയുടെ പ്രത്യേക അംഗീകരവും, കൗണ്‍സില്‍മാന്‍ ആല്‍ടോബന്‍ ബര്‍ഗര്‍ സമ്മാനിച്ചു. തദവസരത്തില്‍ വിന്‍സെന്റ് ഇമ്മാനുവേലും സന്നിഹിതനായിരുന്നു.

കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി അനൂപ് ജോസഫും, അവാര്‍ഡ് കമ്മിറ്റി ഭാരവാഹികളായി മോഡി ജേക്കബ്, തമ്പി ചാക്കോ എന്നിവരും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, കലാഭവന്‍ ജയന്റെ കോമഡിഷോയും അരങ്ങേറി. അതിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. സുരേഷ് നായര്‍ അറിയിച്ചതാണിത്.
Newsimg2_49271942