08:45 am 22/9/2016
ബെംഗളുരു: ട്വിറ്റര്‍ ബംഗളുരു കേന്ദ്രത്തിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല. ബെംഗളുരു കേന്ദ്രത്തില്‍ നിന്നുള്ള എന്‍ജിനീയറിംഗ് സേവനങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ട്വിറ്റര്‍ അറിയിച്ചു. ട്വിറ്ററിന് ഇതുവരെ സേവനം നല്‍കിയവര്‍ക്ക് നന്ദി പറയുന്നതായും അവര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ കമ്പനി വിടുന്നതിനുള്ള അവസരം നല്‍കുമെന്നും ട്വിറ്റര്‍ അറിയിച്ചു.
പരസ്യം, ഉപയോക്താക്കള്‍, പങ്കാളികള്‍ എന്നീ നിലകളില്‍ കമ്പനിക്ക് ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്നും ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യയാണ് ട്വിറ്ററിന് ഏറെ പ്രതീക്ഷയുള്ള രാജ്യം. രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താനും കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്താനും ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ട്വിറ്റര്‍ ബെംഗളുരു അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സിപ്ഡയല്‍ മൊബൈല്‍ സൊലൂഷന്‍സ് സ്വന്തമാക്കിയത്. ഇതിനെത്തുടര്‍ന്നാണ് യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ ബെംഗളുരുവില്‍ എന്‍ജിനീയറിംഗ് യൂണിറ്റ് ആരംഭിച്ചത്.
സിപ്ഡയല്‍ മൊബൈല്‍ സൊലൂഷന്‍സ് സ്വന്തമാക്കുന്നതിന് ട്വിറ്റര്‍ 185247 കോടി രൂപ മുടക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കൃത്യമായ തുക കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.