04.00PM 28-05-2016
പി.പി.ചെറിയാന്‍
വാഷിംഗ്ടണ്‍: ദീര്‍ഘകാലമായി ഹില്ലരി ക്ലിന്റന്റെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ നീര ടാണ്ഡനെ ഡമോക്രാറ്റിക്ക് പാര്‍ട്ടി പോളിസി പാനലില്‍ നിയമിച്ചതായി ഡമോക്രാറ്റിക്ക് നാഷ്ണല്‍ കമ്മറ്റി അദ്ധ്യക്ഷ സെബി വസ്സര്‍മാന്‍ പ്രഖ്യാപിച്ചു.
പതിനഞ്ചാം കമ്മിറ്റിയിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിയാണ് നാല്പത്തിയഞ്ച് വയസ്സുക്കാരിയായ നീരാ. കോണ്‍ഗ്രസ് മാന്‍ എലൈജ കുമ്മിംഗ്‌സ് ആണ് കമ്മിറ്റിയുടെ ചെയര്‍മാന്‍.
ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍നിരയില്‍ നില്‍ക്കുന്ന ഹില്ലരിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി നവംബറില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുക എന്നതാണ് കമ്മിറ്റി രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദ്യേശ്യം.
2008 ല്‍ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പോളിസി ഡയറക്ടറായി നീരയെ നിയമിച്ചിരുന്നു.
ഒബാമയുടെ ആരോഗ്യസുരക്ഷ പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും നീര പ്രധാന പങ്കുവഹിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകളാണ് നീരാ. മാസ്സച്യൂസെറ്റ്‌സിലെ ബെഡ്‌ഫോഡിലായിരുന്നു ജനനം. ഒബാമ ഭരണകൂടം ഇന്ത്യന്‍ വംശജര്‍ക്ക് നിരവധി പ്രമുഖ ചുമതലകള്‍ നല്‍കിയിട്ടുള്ളത് പ്രത്യേകം പ്രശംസനീയമാണ്.