ഡയാന്‍ ഗുജറാത്തിക്ക് ഫെഡറല്‍ ജഡ്ജിയായി നിയമനം –

08:17 am 17/9/2016

പി. പി. ചെറിയാന്‍

Newsimg1_87425149
ന്യുയോര്‍ക്ക് : ന്യുയോര്‍ക്ക് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജിയായി ഡയാന്‍ ഗുജറാത്തിയെ പ്രസിഡന്റ് ഒബാമ നിയമിച്ചു. സെപ്റ്റംബര്‍ 13ന് നടത്തിയ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. ഒരു മാസത്തിനുളളില്‍ ഫെഡറല്‍ ജഡ്ജിയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജിയാണ് ഡയാന്‍.

അമേരിക്കന്‍ ജനതയുടെ നീതി നിര്‍വ്വഹണത്തില്‍ ഡയാന്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന് വിശ്വസിക്കുന്നതായി ഒബാമയുടെ നിയമന ഉത്തരവില്‍ പറയുന്നു. ഫെഡറല്‍ ജഡ്ജിയായി മുസ്ലീം സമുദായംഗമായ അബിദ് ഖുറേഷിയെ ആദ്യമായി നിയമിച്ച് ഒബാമ നീതിന്യായ വ്യവസ്ഥയില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരുന്നു.

2012 മുതല്‍ ന്യുയോര്‍ക്ക് യുഎസ് അറ്റോര്‍ണി ഓഫീസ് ക്രിമിനല്‍ വിഭാഗം ഡെപ്യൂട്ടി ചീഫായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഡയാന്‍. കൊളംബിയയില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കിയ ഡയാന്‍ ദാമോദര്‍ – റൂത്ത് ദമ്പതികളുടെ പുത്രിയാണ്. 1960ല്‍ ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള എംകോം ബിരുദധാരിയാണ് ദാമോദര്‍ ഗുജറാത്തി.

സൗത്ത് ഏഷ്യയില്‍ നിന്നുളള നിയമ വിദഗ്ദരെ ഫെഡറല്‍ ജഡ്ജിമാരായി നിയമിക്കുന്നതില്‍ പ്രസിഡന്റ് ഒബാമയെ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ അഭിനന്ദിച്ചു. ഒബാമയുടെ നാമനിര്‍ദ്ദേശം അതിവേഗം സെനറ്റ് അംഗീകരിച്ച നടപടിയേയും അസോസിയേഷന്‍ പ്രത്യേകം പ്രശംസിച്ചു. സംഘടനയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലും ഡയാന്‍ പ്രവര്‍ത്തിച്ചിരുന്നു.