ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ കെജ്രിവാള്‍

08:06am 26/6/2016
images (2)

ന്യൂഡല്‍ഹി: അറുപതുകാരനെ മര്‍ദിച്ച കേസില്‍ സംഗം വിഹാറില്‍ നിന്നുള്ള എ.എ.പി എം.എല്‍.എ ദിനേശ് മോഹാനിയ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യമായി തെരഞ്ഞെടുത്തവരെ മോദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിയും കള്ളക്കേസുകള്‍ ചുമത്തി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വാര്‍ത്താസമ്മേളനത്തിനിടെയാണ് ദിനേശ് മോഹാനിയ എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചില്ല. എംഎല്‍എയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു.തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്‌ളാബാദ് എക്സ്റ്റന്‍ഷന്‍ ഏരിയയിലെ രാകേഷ് കുമാര്‍ എന്നയാളുടെ പരാതിയിന്മേല്‍ മോഹാനിയക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗോവിന്ദപുരിയിലെ 18ാം ഗലിയില്‍ സന്ദര്‍ശത്തിനത്തെിയ എം.എല്‍.എയോട് പ്രദേശത്തെ അസൗകര്യങ്ങളെ കുറിച്ച് പരാതി പറഞ്ഞ രാകേഷ് കുമാറിനെ അദ്ദേഹം അടിച്ചുവെന്നാണ് പരാതി. രാകേഷ് കുമാറിനെ തല്ലുകയും തള്ളിമാറ്റുകയും ചെയ്ത മോഹനിയ സംഭവത്തിന് ശേഷം അനുയായികളോടൊപ്പം സ്ഥലം വിട്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

ജലവിതരണത്തിലെ അപകതകള്‍ പരിഹരിക്കണമെന്ന അപേക്ഷയുമായി ഓഫീസിലത്തെിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലും ദിനേശ് മോഹാനിയക്കെതിരെ കേസെടുത്തിരുന്നു. ഡല്‍ഹി പൊലീസിലെ ഉന്നതബന്ധങ്ങളാണ് തന്നെ ഇത്തരത്തില്‍ അറസ്റ്റുചെയ്തിന്റെ പിന്നിലെന്ന് മോഹാനിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എം.എം ഖാന്റെ കൊലപാതകത്തില്‍ ബി.ജെ.പി അംഗങ്ങളുടെ പങ്ക് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളാണിതെന്നും മോഹാനിയ ആരോപിച്ചു.