03:59pm
6/2/2016
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ച സംഭവത്തില്‍ നീന്തല്‍ പരിശീലകന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി വെള്ളത്തില്‍ വീണത് കണ്ടിട്ടും പൂളിലേക്ക് ഇറങ്ങാനോ രക്ഷിക്കാനോ നീന്തല്‍ പരിശീലകന്‍ ശ്രമിച്ചില്ലെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
നീന്തല്‍ പരിശീലകനും സ്‌കൂളിലെ മറ്റ് ജീവനക്കാരും കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്നും സംഭവ സമയത്ത് കാഴ്ചക്കാരായി നോക്കി നിന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സംഭവത്തില്‍ കുട്ടിയെ കുറ്റപ്പെടുത്തിയ സ്‌കൂള്‍ അധികൃതരുടെ നിലപാടിനെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മറച്ചു വയ്ക്കുന്നതിനാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തുന്നതെന്നും അന്വേഷണം നടത്തിയ വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സോണാല്‍ സ്വരൂപ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദിവ്യനാഷ് കക്‌റോറയെ പൂളില്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.