ഡാലസില്‍ ഡോ. ബാലമുരളികൃഷ്ണയ്ക്ക് ശ്രദ്ധാഞ്ജലി

01:32 pm 25/11/2016

– പി. പി. ചെറിയാന്‍
Dr. Thotakura with Dr.Mangalampalli
ഡാലസ് : കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ കുലപതി, അന്തരിച്ച ഡോ. മംഗലംപളളി ബാലമുരളികൃഷ്ണയ്ക്ക് ഡാലസ് പ്രവാസി സമൂഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇര്‍വിങ്ങ് അമരാവതി ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നവംബര്‍ 22ന് ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഡോ. പ്രസാദ് തോട്ടക്കുറ, കര്‍ണ്ണാട്ടിക് സംഗീതത്തിന് ബാലമുരളി കൃഷ്ണ നല്‍കിയ അനശ്വര സംഭാവനകളെ അനുസ്മരിച്ചു.

ഡാലസിലെ തെലുങ്ക് സമൂഹത്തോട് അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സംഗീതജ്ഞന്റെ വേര്‍പാട് സംഗീത ലോകത്തിന് മാത്രമല്ല, സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2011 ഒക്ടോബര്‍ 8ന് അവസാനമായി ഡാലസില്‍ പങ്കെടുത്ത സംഗീത കച്ചേരി അവിസ്മരണീയമാക്കിയ ഡോ. ബാലമുരളികൃഷ്ണയുടെ സ്മരണ ജനഹൃദയങ്ങളില്‍ സ്ഥായിയായി നില നില്‍ക്കുമെന്ന് റാവു കല്‍വാല പറഞ്ഞു. ബാലമുരളികൃഷ്ണയുടെ ബാല്യകാല സുഹൃത്തായിരുന്ന മീനാക്ഷി അനിപിണ്ടി, ചന്ദ്രദാസ് മധുകുരി, ശ്യാമള റംല, ശാന്ത വിശ്വനാഥന്‍ എന്നിവരും തങ്ങളുടെ സ്മരണകള്‍ പങ്കുവെച്ചു.

സംഗീതജ്ഞന് പുനര്‍ജനനമില്ലെങ്കിലും സംഗീത ലോകത്തില്‍ അമര്‍ത്യനായി ജീവിക്കുമെന്ന് തെലുങ്ക് അസോസിയേഷന്‍ പ്രസിഡന്റ് സുബ്രഹ്മണ്യം കൃതജ്ഞത പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.