ഡാലസില്‍ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ സിറ്റി കൗണ്‍സില്‍ നടപടികള്‍ സ്വീകരിച്ചു

10.11 AM 02-09-2016
unnamed (1)
പി. പി. ചെറിയാന്‍
ഡാലസ് : ഡാലസിന്റെ പരിസരങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് ക്രിയാത്മക നടപടികളുമായി സിറ്റി കൗണ്‍സില്‍. ഓഗസ്റ്റ് 30ന് ഡാലസ് സിറ്റി ഹോളില്‍ രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിനുശേഷം കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ഭേദഗതി കൂടാതെ അംഗീകരിച്ചത്.

സൗത്ത് ഡാലസിലെ 52 വയസ്സുളള സ്ത്രീയെ നായ്ക്കള്‍ ചേര്‍ന്ന് നൂറോളം മുറിവുകള്‍ ഏല്പിച്ചു മരിക്കാനിടയായ സംഭവമാണ് അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ കൗണ്‍സില്‍ അംഗങ്ങളെ പ്രേരിപ്പിച്ചത്.

സിറ്റി മേയര്‍ മൈക്ക് റോളിണ്ടസാണ് തെരുവ് നായ്ക്കളില്‍ നിന്നും നേരിടുന്ന ഭീഷണിയെക്കുറിച്ച് കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചത്. ഡാലസില്‍ സിറ്റിയില്‍ 350,000 നായ്ക്കളാണ് ഉളളതെന്നും ഇതില്‍ 8,700 എണ്ണം തെരുവുകളില്‍ അലയുകയാണെന്നും മേയര്‍ പറഞ്ഞു.

അലഞ്ഞു നടക്കുന്ന നായ്ക്കള്‍ക്കുണ്ട വന്ധ്യകരണ ശസ്ത്രക്രിയ നിര്‍ബന്ധമാക്കണമെന്നു നിര്‍ദ്ദേശം നടപ്പാക്കുന്നതിന് 21 മില്യണ്‍ ഡോളര്‍ ചിലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ നിലവിലുളള ബഡ്ജറ്റ് പ്രതിവര്‍ഷം 1.1 മില്യന്‍ ഡോളറാണ്. നികുതിദായകരുടെ പണം ഉപയോഗിക്കാതെ പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ ഇതിന് ഉപയോഗിക്കുവാനാണ് പദ്ധതി തയ്യാറാക്കുന്നത്. 7.5 മില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നു. മുപ്പത് ദിവസത്തിനകം നിര്‍ദ്ദേശങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൗണ്‍സില്‍ സിറ്റി മാനേജര്‍ ഗൊണ്‍സാലോസിനെ ചുമതലപ്പെടുത്തി.