ഡാലസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം അഗതികളോടൊപ്പം

07:50 am 13/9/2016
Newsimg1_43519890
ഡാലസ്: ആഗോളമലയാളികള്‍ സമൃദ്ധിയുടെയും വിശ്വസാഹോദര്യത്വത്തിന്റെയും മഹനീയ മാതൃകയായ ഓണം ആഘോഷിക്കുമ്പോള്‍ ഡാലസ് മലയാളി അസോസിയേഷന്‍ തികച്ചും വ്യത്യസ്ഥമായി ഈ വര്‍ഷം ഓണം ആഘോഷിക്കുന്നു.

പ്രാദേശിക ഓണാഘോഷത്തോടൊപ്പം കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന
അഗതി മന്ദിരങ്ങളുടെ ഓണാഘോഷ ധനസഹായ വിതരണവും ഈ വര്‍ഷം മുതല്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രഥമ ചെക്ക് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനായ ഫിലിപ്പി ചാമത്തിലിനു നല്‍കി.

ഒറ്റപ്പലം പാലിയേറ്റിവ് കെയര്‍, മന്ദ ബുദ്ധികള്‍ക്കായി പ്രവര്‍ത്തിക്കുന്ന തീരം തുടങ്ങി അഞ്ചു ജീവകാരുണ്യ കേന്ദ്രങ്ങള്‍ക്കാണ് ഈ വര്‍ഷം ധനസഹായം നല്‍കിയത്.

മലയാളികളുടെ അന്തദേശീയ ഉത്‌സവമായ ഓണം ദരിദ്രന്റെയും സമ്പന്നന്റെയും സമാന മനസോടെയുള്ള കുട്ടു ചേരലാണ്. ഈ വിശ്വസന്ദേശം ഉള്‍കൊണ്ടാണ് ജീവകാരുണ്യപരമായ ഇത്തരം കര്‍മ്മപരിപാടികളുമായി അസോസിയേ്ഷന്‍ മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു.

ഓണം സഹമനുഷ്യരോടുള്ള സ്‌നേഹവും സഹാനുഭൂതിയുമാണെന്ന് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. ഡാലസ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്കും മാതൃകയാണെന്ന് അദേഹം പറഞ്ഞു.

വിദേശമലയാളികള്‍ ആഘോഷപൂര്‍വ്വം ഓണമുണ്ണുമ്പോള്‍ കേരളത്തിലെ ദരിദ്രരായ സാധാരണക്കാരുടെ സ്മരണയും അവരെ സഹായ്ിക്കുവാനുള്ള മനസും പ്രകടിപ്പിക്കേണ്ടതാണെന്ന് ഡിഎംഎ ട്രസ്റ്റുബോര്‍ഡ് അംഗവും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ബിജു തോമസ് പറഞ്ഞു.

ദരിദ്രന്റെ കണ്ണീരൊപ്പുകയും കഴിയുന്നിടത്തോളം അവന്റെ ജീവിതത്തിനു സാന്ത്വനമേകുകയും ചെയ്യുമ്പോഴാണ് സംഘടനകളുടെ ശക്തിയും ദര്‍ശനവും കാര്യക്ഷമമാകുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി സാം മത്തായി പറഞ്ഞു. രവികുമാര്‍ എടത്വ നന്ദി പ്രകാശിപ്പിച്ചു.