ഡാളസ്സില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസ് : ഗവര്‍ണ്ണര്‍

08:54am 3/4/2016

പി.പി.ചെറിയാന്‍
unnamed
ഓസ്റ്റിന്‍: അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്ന ഡാളസ്സില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് സ്‌റ്റേറ്റ് പോലീസിന്റെ സേവനം വിട്ടു നല്‍കുന്നതിന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏമ്പട്ട് സന്നദ്ധത അറിയിച്ചു.

മാര്‍ച്ച് 30 ബുധന്‍ ഗവര്‍ണ്ണറുടെ വസതിയില്‍ പത്രലേഖകരോട് സംസാരിക്കവെയാണ് ഡാളസ് ഇന്നഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയെ കുറിച്ചു ഗ്രേഗ് പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇതേ സമയം നടന്ന അക്രമസംഭവങ്ങളേക്കാള്‍ 75 ശതമാനം വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതു വളരെ ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട് ഗവര്‍ണ്ണര്‍ പറഞ്ഞു.
മാര്‍ച്ച് മാസം ആരംഭിച്ചതു മുതല്‍ ഡാളസ്സില്‍ 17 കൊലപാതകങ്ങള്‍ നടന്നു. പ്രശ്‌ന സങ്കീര്‍ണ്ണ പ്രദേശങ്ങളില്‍ ഡാളസ് പോലീസിനെ സഹായിക്കുവാന്‍ സ്‌റ്റേറ്റ് ട്രൂപ്പേഴ്‌സിന്റെ സഹായം നല്‍കുന്നതിനുള്ള ഗവര്‍ണ്ണരുടെ തീരുമാനത്തെ ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ സ്വാഗതം ചെയ്തു.

അമേരിക്കയിലെ പ്രധാന സിറ്റികളായ ചിക്കാഗൊ, ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ തുടങ്ങിയ സിറ്റികളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 2014 ല്‍ 214 പേരും 2015 ല്‍ 303 പേരും കൊല്ലപ്പെട്ടതായി കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. ടെക്‌സസ് മെക്‌സിക്കൊ അതിര്‍ത്തിയില്‍ 3000 സ്‌റ്റേറ്റ് ട്രൂപ്പേഴ്‌സ് പെട്രോളിങ്ങ് നടത്തുന്നുണ്ടെങ്കിലും സിറ്റികളിലെ അക്രമം അമര്‍ച്ചചെയ്യുന്നതിന് ഇവരുടെ സേവനം വിട്ടുനല്‍കുന്നതു അസാധാരണമാണെന്ന ഡി.പി.എസ്. സ്‌പോക്ക്മാന്‍ ടോം വിന്‍ജര്‍ അറിയിച്ചു.