ഡാളസ് വെടിവയ്പ്: അക്രമിയെ തിരിച്ചറിഞ്ഞു

08:55am 09/7/2016
download (6)

ഡാളസ്: അമേരിക്കയിലെ ഡാളസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അഞ്ചു പോലീസുകാരെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു. മിഖാ സേവ്യര്‍ ജോണ്‍സണ്‍ എന്ന ഇരുപത്തഞ്ചുകാരന്‍ ആണ് അക്രമിയെന്ന് ഡാളസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. സൈനിക ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഡാളസ് പോലീസ് വെളിപ്പെടുത്തി.

അക്രമിയുടെ വീട് പരിശോധിച്ചപ്പോള്‍ ബോംബ് നിര്‍മാണ വസ്തുക്കള്‍ കണ്‌ടെടുത്തതായും പോലീസ് പറഞ്ഞു. തോക്ക്, വെടിമരുന്നുകള്‍, യുദ്ധ തന്ത്രങ്ങളെക്കുറിച്ച് കുറിപ്പുകള്‍ തുടങ്ങിയവയും അക്രമിയുടെ വീട്ടില്‍ നിന്ന് ലഭിച്ചു. ഇയാള്‍ ഒറ്റയ്ക്കു വെടിവെയ്പ്പ് നടത്തിയെന്നാണ് പോലീസ് കരുതുന്നത്. നഗരത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായെന്നും മേയര്‍ മൈക്ക് റൗളിംഗ്‌സ് പറഞ്ഞു.

കറുത്തവര്‍ഗക്കാര്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന മാര്‍ച്ചിനിടെയാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. പ്രതിഷേധ മാര്‍ച്ച് നടക്കുന്നതിനിടെ അക്രമി പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.