ഡിടിഎച്ച് വഴിയുള്ള ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണത്തിന് പാക്കിസ്ഥാനില്‍ നിരോധനം

10.08 PM 01-09-2016
dth_0109
ഡയറക്ട്് ടു ഹോം സര്‍വീസ് (ഡിടിഎച്ച്) വഴിയുള്ള ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണത്തിന് പാക്കിസ്ഥാനില്‍ നിരോധനം. പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) യാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയില്‍ കഴിയുന്നവര്‍ക്കായി ഓള്‍ ഇന്ത്യ റേഡിയോയില്‍ ബലൂചി ഭാഷയില്‍ കൂടുതല്‍ സമയദൈര്‍ഘ്യമുള്ള വാര്‍ത്താ ബുള്ളറ്റിന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായാണ് പാക് സര്‍ക്കാരിന്റെ നടപടിയെന്നാണ് കണക്കാക്കപ്പെടുന്നത്.
ചാനലുകളില്‍ ചട്ടങ്ങള്‍ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേക്ഷണം നടത്തുന്നത് കൊണ്ടാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് പിഇഎംആര്‍എയുടെ വാദം. അംഗീകൃതമായ രീതിയിലൂടെ പരിപാടികളുടെ സമയങ്ങളില്‍ മാറ്റംവരുത്താന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും സാറ്റ്‌ലൈറ്റ് ചാനലുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ ഒക്‌ടോബര്‍ 15 മുതല്‍ ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കും- പിഇഎംആര്‍എ ചെയര്‍മാന്‍ അബ്‌സര്‍ ആലം അറിയിച്ചു.
നേരത്തെ, സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പാക്കിസ്ഥാനിലെ ബലൂച് നിവാസികളുടെ സ്ഥിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചതിനു പിന്നാലെയാണ് ആകാശവാണി ബലൂച് ഭാഷയില്‍ പ്രക്ഷേപണം കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചത്. ആകാശവാണിയുടെ റേഡിയോ കാഷ്മീര്‍ ആണ് ബലൂചി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്.
1974 മുതല്‍ ആകാശവാണി ബലൂചി ഭാഷയില്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. എന്നാല്‍, പുതിയതായി വാര്‍ത്താ പരിപാടികള്‍ കൂടുതലായി ഉള്‍പ്പെടുത്താനാണു ആകാശവാണിയുടെ നീക്കമെന്ന് ഓള്‍ ഇന്ത്യ റേഡിയോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ വാര്‍ത്തയുള്‍പ്പടെ വിവിധ പരിപാടികള്‍ ബലൂചി ഭാഷയില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. എന്നാല്‍, ബലൂച് പ്രവശ്യയിലേക്കു താത്പര്യമുള്ള കൂടുതല്‍ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാനുള്ള പരിപാടിക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ബലൂചി ഭാഷയില്‍ പത്തു മിനിട്ട് ദൈര്‍ഘ്യമുള്ള വാര്‍ത്താ ബുള്ളറ്റിനുകളാണു പ്രക്ഷേപണം ചെയ്യുന്നത്. ഇതിന്റെ സമയപരിധി ദീര്‍ഘിപ്പിക്കും.
ആകാശവാണിയുടെ എക്‌സ്റ്റേണല്‍ സര്‍വീസ് ഡിവിഷന്‍ 108 രാജ്യങ്ങളില്‍ 27 ഭാഷകളിലായി ദിവസേന പ്രക്ഷേപണം നടത്തുന്നുണ്ട്. ഇതില്‍ ബലൂചി ഭാഷ ഉള്‍പ്പെടെ 15 വിദേശ ഭാഷകളിലാണ് വാര്‍ത്താ ബുള്ളറ്റിനുകളടക്കം പ്രക്ഷേപണം ചെയ്യുന്നത്.