09:14 am 27/9/2016
– ശാലിനി ജയപ്രകാശ്
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡി.എം.എ) നേതൃത്വത്തില്‍ കൊണ്ടാടിയ ഓണം അവിസ്മരണീയമായി. സെപ്റ്റംബര്‍ 17-ന് മാഡിസണ്‍ ഹൈറ്റ്‌സിലുള്ള ലാംഫെയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ “ഓണവില്ല് -2016′ സംഘടിപ്പിച്ചത്. ഡിട്രോയിറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം എന്ന ഖ്യാതി നേടിയ “ഓണവില്ല് -2016′ വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ കൊണ്ടും, സംഘടനാപാടവംകൊണ്ടും മികച്ചു നിന്നു.
ഉച്ചയ്ക്ക് ഇലയിട്ട് വിളമ്പിയ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. 24 കൂട്ടം കറികളുമായി അതിഗംഭീരമായ ഓണസദ്യയായിരുന്നു ഇത്തവണത്തേത്. മാത്യു ചെരുവില്‍, സഞ്ചു കോയിത്തറ, ജിജി പോള്‍, ഷാജി തോമസ്, സാജന്‍ ജോര്‍ജ് എന്നിവര്‍ സദ്യയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഓണത്തോട് അനുബന്ധിച്ച് ഡിട്രോയിറ്റില്‍ ആദ്യമായി നടത്തിയ ഗണപതിപ്ലാക്കല്‍ തോമസ് മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരത്തില്‍ അഭിലാഷ് പോള്‍ നേതൃത്വം നല്‍കിയ കൊമ്പന്‍സ് ടീം ഒന്നാം സ്ഥാനവും, ചാച്ചി റാന്നിയുടെ നേതൃത്വത്തിലുള്ള കൂറ്റന്‍സ് ടീം രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് അര്‍ഹരായ ടീമിന് 500 ഡോളര്‍ ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനം നേടിയ ടീമിന് തോമസ് ആന്‍ഡ് അസോസിയേറ്റ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 250 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു.
തുടര്‍ന്ന് രാജേഷ് നായര്‍ നേതൃത്വം നല്‍കിയ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി ഓഡിറ്റോറിയത്തിലേക്ക് എതിരേറ്റു. പുലികളിയും മറ്റും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പോള്‍ കുര്യാക്കോസ് ആണ് ഇത്തവണയും മഹാബലിയായി വേഷമിട്ടത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് കലാ-സാംസ്കാരിക സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് സൈജന്‍ കണിയോടിക്കല്‍ സ്വാഗതം ആശംസിച്ച സമ്മേളനം നിയുക്ത ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഓണസന്ദേശവും നല്‍കി. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ മാത്യു ചെരുവില്‍, ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ഫോമാ റീജണല്‍ വൈസ് പ്രസിഡന്റ് റോജന്‍ തോമസ്, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജെയിന്‍ മാത്യൂസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങളും, ഡി.എം.എ സെക്രട്ടറി നോബിള്‍ തോമസ് കൃതജ്ഞതയും പറഞ്ഞു.
തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. സൈജന്‍ കണിയോടിക്കല്‍ കഥ, തിരക്കഥ, സംഗീതം, സംവിധാനം നിര്‍വഹിച്ച “നിഷിഗന്ധ’ എന്ന തീയേറ്ററിക്കല്‍ ഷോ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. അവതരണമികവുകൊണ്ട് കാണികള്‍ക്ക് വ്യത്യസ്തതയാര്‍ന്ന ഒരു അനുഭവമായി “നിഷിഗന്ധ’ മാറി.
തിരുവാതിരയും, ഇമ്പമാര്‍ന്ന ഗാനങ്ങളും, സിനിമാറ്റിക് ഡാന്‍സും ഒക്കെയായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും കാണികളുടെ ഹൃദയം കൈയ്യടക്കി. ഡി.എം.എയുടെ ഓണവില്ല് എല്ലാവര്‍ഷത്തേയും പോലെ ഈവര്‍ഷവും പുതിയൊരു അനുഭവമായിരുന്നെന്നും അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു മഹോത്സവം തന്നെ ആയിരുന്നെന്നും മിഷിഗണിലെ മലയാളികള്‍ അഭിപ്രായപ്പെട്ടു. ഓണം ചെയര്‍പേഴ്‌സണ്‍ സുനില്‍ പൈങ്ങോള്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി. ജിജി പോള്‍, പ്രിന്‍സ് അബ്രഹാം, ശാലിനി ജയപ്രകാശ്, സൂര്യ ഗിരീഷ്, ഷാലു ഡേവിഡ്, ബോണി കോയിത്തറ, അജിത് അയ്യമ്പിള്ളി, ബോബി തോമസ്, സാം മാത്യു തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റിയായിരുന്നു “ഓണവില്ല് -2016′-ന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.