ഡിട്രോയ്റ്റ് സ്‌ക്കൂള്‍ അദ്ധ്യാപകരുടെ സൂചനാ സമരം വിദ്യാലയങ്ങള്‍ അടച്ചിട്ടു.

– പി.പി.ചെറിയാന്‍
unnamed
ഡിട്രോയ്റ്റ്: സമ്മറില്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനാവശ്യമായ തുക ലഭ്യമമല്ല എന്ന ഡിട്രോയ്റ്റ് പബ്ലിക്ക് സ്‌ക്കൂള്‍ ട്രാന്‍സിഷന്‍ മാനേജരുടെ അറിയിപ്പില്‍ പ്രതിഷേധിച്ചു 1562 അദ്ധ്യാപകര്‍ ഇന്ന്(മെയ് 2) തിങ്കളാഴ്ച സ്‌ക്കൂളുകളില്‍ ഹാജരാകാതെ വീട്ടില്‍ ഇരുന്നു.
ഡിട്രോയ്റ്റ് ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് ആണ് ഒരു ദിവസത്തെ സൂചനാ സമരത്തിന് ആഹ്വാനം നല്‍കിയത്.

ജില്ലയിലെ 97 സ്‌ക്കൂളുകലില്‍ 94 സ്‌ക്കൂളുകള്‍ അടച്ചതിനെ തുടര്‍ന്ന് 45000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് അദ്ധ്യയനം മുടങ്ങിയത്.

സംസ്ഥാനം 47.8 മില്യണ്‍ എമര്‍ജന്‍സി ഫണ്ടാണ്, 46000 വിദ്യാര്‍ത്ഥികളുള്ള സ്‌ക്കൂള്‍ സിസ്റ്റം പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് മാര്‍ച്ചില്‍ അനുവദിച്ചിരുന്നത്. ജൂണ്‍ 30 വരെയുള്ള ചിലവുകള്‍ക്ക് ഈ സംഖ്യ വേണ്ടി വരുമെന്ന് യൂണിയന്‍ വക്താക്കള്‍ അറിയിച്ചു. ജൂണിന് ശേഷം സമ്മറില്‍ ശമ്പളം നല്‍കുന്നതിന് ഇനിയും തുക അനുവദിക്കേണ്ടിവരുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സംസ്ഥാന നിയമസഭ വിദ്യാഭ്യാസ ജില്ലയുടെ മുഴുവന്‍ കടങ്ങളും വീട്ടുന്നതിന് 720 മില്യണ്‍ ഡോളര്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നത്തെ സമരം ഒരു സൂചനയാണെന്നും തുടര്‍ന്നുള്ള സമര പരിപാടികളെകുറിച്ചു ചിന്തിക്കാന്‍ യൂണിയന്‍ നിര്‍ബന്ധിതമാകുമെന്നും യൂണിയന്‍ വക്താക്കള്‍ അറിയിച്ചു