ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം പുസ്തക പ്രകാശനം നടത്തി

01:11 pm 18/10/2016

Newsimg1_17107124
ഷിക്കാഗോ: “ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം’ (Divinization in St. Ephrem) എന്ന പേരില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലറായ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് ഇംഗ്ലീഷില്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് 2016 ഒക്‌ടോബര്‍ 15-നു ശനിയാഴ്ച നിര്‍വഹിച്ചു. ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഥമ കോപ്പി ഏറ്റുവാങ്ങി. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, വികാരി ജനറാള്‍ റവ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. പോള്‍ ചാലിശേരി, റവ.ഫാ. മാര്‍ട്ടിന്‍ വരിയ്ക്കാനി എന്നിവര്‍ക്കു പുറമെ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അറുപത് പ്രതിനിധികളും പ്രകാശന കര്‍മ്മത്തിന് സാക്ഷികളായി.

പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ ഡോക്ടറല്‍ പ്രബന്ധത്തെ അധികരിച്ചിട്ടുള്ളതാണ് ഈ പുസ്തകം. സുറിയാനി ദൈവശാസ്ത്ര പാരമ്പര്യത്തിന്റെ നെടുംതൂണും, കിഴക്കിന്റെ സൂര്യന്‍, പരിശുദ്ധാത്മാവിന്റെ വീണ എന്നീ അപര നാമങ്ങളില്‍ അറിയപ്പെടുന്നവനുമായ സഭാ പിതാവായ വിശുദ്ധ എഫ്രേമിന്റെ കൃതികളില്‍ മനുഷ്യന്റെ ദൈവികീകരണത്തെക്കുറിച്ച് അന്തര്‍ലീനമായിക്കിടക്കുന്ന ദൈവശാസ്ത്ര ചിന്തയാണ് ഈ പുസ്തകത്തിലൂടെ വെളിച്ചംകണ്ടിരിക്കുന്നത്. സുറിയാനി പാരമ്പര്യത്തില്‍പ്പെട്ട എല്ലാ സഭകളുടേയും ദൈവശാസ്ത്ര ചിന്തകളിലും ആരാധനക്രമ ജീവിതത്തിലും വിശുദ്ധ എഫ്രേമിന്റെ പ്രബോധനങ്ങളുടെ നിര്‍ണ്ണായകമായ സ്വാധീനംകാണുവാന്‍ കഴിയും. ക്രൈസ്തവ ലോകത്ത് നടന്ന എല്ലാ വിഭജനങ്ങള്‍ക്കും മുമ്പാണ് വിശുദ്ധ എഫ്രേമിന്റെ കാലഘട്ടം (306- 373) എന്നതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രബോധനം ഏവര്‍ക്കും സ്വീകാര്യമാണ്. അതുകൊണ്ട് വിശുദ്ധ എഫ്രേമിന്റെ ദൈവശാസ്ത്ര ചിന്തകള്‍ സഭൈക്യശ്രമങ്ങള്‍ക്ക് കരുത്ത് പകരും.

ഈശോ മിശിഹായുടേയും അപ്പസ്‌തോലന്മാരും ജീവിച്ച യഹൂദ ആദ്ധ്യാത്മികതയുടെ തുടര്‍ച്ചയായ സുറിയാനി പാരമ്പര്യത്തില്‍ വിശുദ്ധ എഫ്രേമിന്റെ കൃതികളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ദൈവികീകരണത്തെക്കുറിച്ചുള്ള ആഴമായ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം സുറിയാനി പാരമ്പര്യത്തില്‍പ്പെട്ട എല്ലാ സഭകള്‍ക്കും തങ്ങളുടെ ആരാധനക്രമ ജീവിതത്തിന്റേയും ആദ്ധ്യാത്മിക ജീവിതത്തിന്റേയും ഊരും വേരും തിരിച്ചറിയുന്നതിനും അതില്‍ അഭിമാനം കൊള്ളുന്നതിലും ഏറെ സഹായകമാകും. ദൈവികീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയായ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് സെബാസ്റ്റ്യനച്ചന്‍ ഇതിനോടകം മൂന്നു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കോട്ടയം- വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ ഒ.ഐ.ആര്‍.എസ്.ഐ (OIRSI) പബ്ലിക്കേഷന്‍സാണ് 560 പേജുകളുള്ള ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കോപ്പികള്‍ക്ക് 1- 630 310 9957 എന്ന നമ്പരിലോ, frvseban@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക.