ഡിസംബര്‍ 21 മാര്‍ത്തോമാ സഭാ ദിനമായി ആചരിക്കുന്നു

11:28 AM 22/12/2016

– പി.പി. ചെറിയാന്‍
Newsimg1_34977262
ന്യൂയോര്‍ക്ക് : ലോകമെമ്പാടും ചിതറി പാര്‍ക്കുന്ന മാര്‍ത്തോമാ സഭാംഗങ്ങള്‍ ഡിസംബര്‍ 21 ബുധനാഴ്ച സഭാദിനമായി ആചരിക്കുന്നു. ക്രിസ്തു ദൗത്യവുമായി വിശുദ്ധ തോമാശ്ലീഹാ ഭാരതത്തില്‍ വന്നത് ഓര്‍ക്കുന്നതിനും സഭയുടെ പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് പ്രാര്‍ഥിക്കുന്നതിനുമാണു ഡിസംബര്‍ 21 പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്നത്.

സാര്‍വത്രിക തിരുസഭയുടെ ഭാഗമായ മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ ആരംഭം മുതല്‍ ഉയര്‍ത്തി പിടിച്ച അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും ലഭിക്കുന്ന ദൈവ കൃപകള്‍ക്കായി പ്രത്യേകം നന്ദി കരേറ്റുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മാര്‍ത്തോമ സഭയിലെ എല്ലാ ഇടവകകളിലും കഴിവതും വിശുദ്ധ കുര്‍ബാനയും പ്രത്യേക യോഗങ്ങളും ക്രമീകരിക്കേണ്ടതാണെന്നും മാര്‍ത്തോമ മെത്രാപ്പോലീത്താ ഉദ്‌ബോധിപ്പിച്ചു.

കര്‍ത്താവിന്റെ മുമ്പില്‍ വിശ്വാസം ഏറ്റു പറഞ്ഞ വിശുദ്ധ തോമസ് അപ്പോസ്തലനെ പോലെ ദൈവ ഹിതം പൂര്‍ണ്ണമായും നിവര്‍ത്തിക്കപ്പെടുന്നതി നുള്ള സമര്‍പ്പണ മനോഭാവം ഓരോ സഭാംഗങ്ങളിലും വര്‍ദ്ധിച്ചുവരണമെന്ന് സഭാദിനം പ്രമാണിച്ചു മെത്രാപ്പോലീത്താ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ ആശംസിച്ചു.

സഭാദിനം ശേഖരിക്കുന്ന പ്രത്യേക സ്‌തോത്രകാഴ്ച സെന്റ് തോമസ് എപ്പിസ്‌കോപ്പല്‍ ഫണ്ടിലേക്ക് വേര്‍തിരിച്ചിട്ടുള്ളതാകയാല്‍ താമസം വിനാ സഭാ ഓഫിസിലേക്ക് അയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന ഇടവകകളിലും മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശ മനുസരിച്ചു പ്രത്യേകം വിശുദ്ധ കുര്‍ബാനയും യോഗങ്ങളും ഉണ്ടായിരിക്കും.