ഡി.ബാബുപോള്‍ പ്രസംഗം തുടങ്ങിയിട്ട് തിങ്കളാഴ്ച എഴുപത് വര്‍ഷം

07:55 pm 22/10/2016

Newsimg1_43735199

തിരുവനന്തപുരം: 1946ആണ് കാലം. തിരുവിതാംകൂര്‍ മഹാരാജാവിന്റെ തിരുനാളാഘോഷമാണ്. പ്രസംഗത്തില്‍ മികവുതെളിയിച്ച അച്ഛന്റെ മകനെ പ്രസംഗിക്കാന്‍ കയറ്റിയാല്‍ ശോഭിക്കുമെന്ന് മറ്റമന കുര്യന്‍ എന്ന അധ്യാപകന് ഒരു ഉള്‍ക്കാഴ്ചയുണ്ടായിരിക്കണം. അഞ്ചര വയസ്സുകാരന്‍ ബാബുപോളിനെ പ്രസംഗം പഠിപ്പിച്ച് വേദിയില്‍ കയറ്റി. അധ്യാപകന്റെ ‘കൈ പൊലിച്ചു’വെന്ന് പ്രസംഗരംഗത്ത് എഴുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന സാക്ഷാല്‍ ഡി.ബാബുപോള്‍ പറയുന്നു.

തുലാമാസത്തിലെ ചിത്തിര നാളില്‍ നടത്തിയ അന്നത്തെ പ്രസംഗത്തെക്കുറിച്ച് ചിതറിയ ഓര്‍മകള്‍ മാത്രമേയുള്ളൂ. ഒരു കാര്യം ഓര്‍മയിലുണ്ട്. അന്നു പ്രസംഗത്തിനിടെ മുട്ടിടിച്ചു. വേഗം കഴിഞ്ഞാല്‍ മതിയെന്നായിരുന്നു ആഗ്രഹം. എഴുപതു വര്‍ഷം കഴിയുമ്പോള്‍ കേരളത്തിന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനും സാംസ്കാരിക നായകനുമായ ബാബുപോള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴായിരത്തിലധികം പ്രസംഗങ്ങള്‍ നടത്തിക്കഴിഞ്ഞു.ഒക്ടോബര്‍ 24ന് അദ്ദേഹം പ്രസംഗം തുടങ്ങിയതിന്റെ എഴുപതാം വാര്‍ഷികമാണ്. അന്നും പ്രസംഗമുണ്ട്. എറണാകുളത്ത് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പ്രസംഗം.ഇപ്പോള്‍ തനിക്കു ബുധദശയാണെന്ന് ബാബുപോള്‍ പറയുന്നു. അക്ഷരങ്ങളുടെ കാലം. അതിനാല്‍ പ്രസംഗത്തിന്റെ എണ്ണം കൂടി. ശരാശരി 40 മണിക്കൂറില്‍ ഒരു പ്രസംഗം വീതം. ഇക്കൊല്ലം ഇതുവരെ 180ല്‍ അധികം പ്രസംഗങ്ങള്‍ നടത്തി.

തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലെ വിവിധ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലുമെല്ലാം ബാബുബോള്‍ പ്രസംഗിച്ചിട്ടുണ്ട്. റിയോ ഡി ജനൈറോയില്‍ നടത്തിയ പ്രസംഗം അഞ്ചു ഭാഷകളില്‍ അപ്പോള്‍ത്തന്നെ പരിഭാഷപ്പെടുത്തുന്നുണ്ടായിരുന്നു. 1987ല്‍ കൊച്ചി മറൈന്‍ െ്രെഡവില്‍ നടന്ന മരിയന്‍ കോണ്‍ഗ്രസാണ് പ്രസംഗിച്ചതിലെ ഏറ്റവും വലിയ സദസ്സ്. ജി.ശങ്കരക്കുറുപ്പിന്റെ പ്രസംഗമാണ് കേട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ചത്. പദങ്ങളുടെ തുടര്‍ച്ചയായ ഒഴുക്ക്. ശ്രദ്ധിച്ചിരുന്നുപോകും. ഇന്നുള്ളവരില്‍ എം.പി.വീരേന്ദ്രകുമാറിന്റെയും പ്രൊഫ. എം.കെ.സാനുവിന്റെയും പ്രസംഗങ്ങളാണ് കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടം.ഏതു പ്രഭാഷണത്തിന്റെയും ദൈര്‍ഘ്യം നിശ്ചയിക്കുന്നത് കേട്ടിരിക്കുന്ന ആള്‍ക്കാരുടെ പ്രതികരണമാണ്. സദസ്സ് അറിഞ്ഞേ പ്രസംഗിക്കാറുള്ളൂ. കേരളത്തിലെ സദസ്സ് ഒരിക്കലും തന്നോടു നിഷ്കരുണമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പ്രസംഗവേദിയിലേക്കു കയറുന്നതിനുമുമ്പ് മൂന്നു കാര്യങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. നെഞ്ചത്ത് കുരിശു വരയ്ക്കും. പ്രസംഗവേദിയിലേക്കു കൈപിടിച്ചു നടത്തിയ കുര്യന്‍ സാറിനെ ഓര്‍മിക്കും. നാവില്‍ മൂന്നുപ്രാവശ്യം കുരിശുവരയ്ക്കും. പ്രസംഗസിദ്ധി ഈശ്വരനില്‍നിന്നു ലഭിക്കുന്നുവെന്ന വിശ്വാസത്തില്‍നിന്നാണ് ഇതെന്നും അദ്ദേഹം പറയുന്നു.’ഇഞ്ചിക്കൃഷി മുതല്‍ ഇന്റര്‍നെറ്റ്’ വരെയുള്ള എന്തിനെക്കുറിച്ചും ബാബുപോള്‍ പ്രസംഗിക്കുമെന്നു പറഞ്ഞത് മാര്‍ത്തോമാസഭയിലെ തിരുമേനിയായ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസാണ്. പ്രസംഗത്തിന്റെ എഴുപതാം വാര്‍ഷികദിനമായ ഒക്ടോബര്‍ 24 ഐക്യരാഷ്ട്ര ദിനമാണ്. അന്ന് എറണാകുളത്തെ പരിപാടിയില്‍ പ്രസംഗിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.