ഡൊണാൾഡ് ട്രംപ് പുതിയകുരുക്കിൽ.

12;50 pm 13/10/2016

images (1)

വാഷിങ്ടൺ: സ്ത്രീകളോട് അശ്ലീല പരാമർശം നടത്തി വിവാദത്തിലായ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പുതിയകുരുക്കിൽ. തങ്ങളുടെ സമ്മതമില്ലാതെ ട്രംപ് ചുംബിച്ചതായും കടന്നുപിടിച്ചതായും ആരോപിച്ച് നാല് സ്ത്രീകൾ രംഗത്തെത്തി.

വിമാനത്തിൽ വെച്ച് ട്രംപ് തന്നെ കടന്നുപിടിച്ചെന്നും തൻെറ വസ്ത്രം അഴിക്കാൻ ശ്രമിച്ചെന്നും ഒരു സ്ത്രീ വ്യക്തമാക്കി. 30 വർഷം മുമ്പായിരുന്നു സംഭവം. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2005 ൽ എലിവേറ്ററിനു പുറത്ത് വെച്ച് തന്നെ ചുംബിച്ചതായി മറ്റൊരു സ്ത്രീ ആരോപിച്ചു. 13 വർഷം മുമ്പ് റിസോർട്ടിൽ വെച്ച് തന്നോടും സമാനരീതിയിൽ പെരുമാറിയതായി മൂന്നാമത്തെ സ്ത്രീയും ആരോപിച്ചു. പീപ്പിൾ മാഗസിൻ റിപ്പോർട്ടറാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ച നാലാമത്തെ സ്ത്രീ. 2005ൽ അഭിമുഖത്തിനായി എത്തിയ തന്നെ അനുമതി ഇല്ലാതെ ട്രംപ് ചുംബിച്ചതായി ലേഖിക വ്യക്തമാക്കി.

ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിച്ചിട്ടുണ്ട്. ലൈംഗികാരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ലേഖനങ്ങളെല്ലാം കള്ളക്കഥയാണെന്ന് ട്രംപിൻെറ വക്താവ് ജേസൺ മില്ലർ പ്രതികരിച്ചു. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച തങ്ങളുടെ അനുഭവം സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരുമായി ഈ സ്ത്രീകൾ പങ്കുവെച്ചിരുന്നതായി റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു.

ലൈംഗികബന്ധത്തിന് സ്ത്രീകളെ നിർബന്ധിക്കുന്ന ട്രംപിൻെറ സംഭാഷണത്തിൻെറ വീഡിയോ വാഷിംഗ്ടൺ പോസ്റ്റ് പുറത്ത് വിട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് പുതിയ വിവാദം.