01:24pm 21/06/2016
ലോസ് ഏഞ്ചൽസ്: തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം. ബ്രിട്ടീഷ് വംശജനായ 19കാരൻ മൈക്കേൽ സാൻഫോർഡാണ് ട്രംപിനെ വധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയത്. യുവാവിന്‍റെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. ശനിയാഴ്ച ലാസ് വേഗാസിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം.
കാലിഫോർണിയയിൽ നിന്നും ട്രംപിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ലാസ് വേഗാസിലെത്തിയതായിരുന്നു യുവാവ് എന്നാണ് പൊലീസ് നൽകുന്ന വിവരം. 18 മാസങ്ങൾക്ക് മുമ്പാണ് ഇയാൾ അമേരിക്കയിലെ ന്യൂജഴ്സിയിലെത്തിയത്. ട്രംപ് പങ്കെടുക്കുന്ന ഫിനിക്സിലെ റാലിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ലാസ് വേഗാസിലെ ശ്രമം പരാജയപ്പെട്ടാൽ ഫിനിക്സിൽ വെച്ച് ട്രംപിനെ വധിക്കുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം.
സുരക്ഷാപരിശോധന മറികടന്ന് തനിക്ക് തോക്കുമായി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല എന്നതിനാലാണ് ഇയാൾ ഉദ്യോഗസ്ഥന്‍റെ തോക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചതെന്നാണ് കരുതുന്നത്.