ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ന്യൂജേഴ്‌സിയില്‍ ഊഷ്മള സ്വീകരണം

11:30am 12/7/2016
Newsimg1_44837834
ന്യൂജേഴ്‌സി: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് (H.G. Dr. Yuhanon Mar Meletius Mteropolitan) ന്യൂജേഴ്‌സി സെന്റ് ബസേലിയോസ്­ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് (Sts. Basilios-Gregorios Orthodox Church) ദേവാലയത്തില്‍ ഊഷ്മളസ്വീകരണം നല്‍കി.

പരിശുദ്ധ പിതാവ് നേതൃത്വം നല്‍കിയ പ്രഭാതപ്രാര്‍ത്ഥനയിലും വിശുദ്ധകുര്‍ബാനയിലും സംബന്ധിക്കുവാനും, കുടുംബസമേതം പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഇടവകാംഗങ്ങള്‍ എല്ലാവരും എത്തിയിരുന്നു. സി.സി. മാത്യു അച്ചനും വിജയ് തോമസ് അച്ചനും സഹകാര്‍മികരായി പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.

ഇടവകയില്‍ നിന്ന് ഈവര്‍ഷം ഗ്രാജുവേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരുമേനി അനുമോദിക്കുകയും, അവര്‍ നേര്‍വഴിയില്‍ വളരാന്‍ ദൈവകൃപ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

അനുഷാജന്‍ നല്‍കിയ സ്‌നേഹവിരുന്നില്‍ തുടങ്ങി, തിരുമേനിയുടെ ജന്മദിനം ഇടവകാംഗങ്ങള്‍ കേക്ക്മുറിച്ച് ഭംഗിയായി ആഘോഷിച്ചു. നിങ്ങളുടെ ഈ സ്‌നേഹപ്രകടനം എന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നും, ഇടവകാംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു എന്നും തിരുമേനി എടുത്തു പറഞ്ഞു.

ഈ ഇടവകയിലെ വിശ്വസികള്‍ക്ക് പരിശുദ്ധ മിലിത്തിയോസ് തിരുമേനി ഒരുനല്ല ഇടയനും, നേരിന്റെവഴികാട്ടിയും ആണെന്ന് ദേവാലയ സെക്രട്ടറി സന്തോഷ് തോമസ് തന്റെ നന്ദി പ്രസംഗത്തില്‍ ഊന്നി പറഞ്ഞു.

ട്രഷറര്‍ വര്‍ഗീസ് തോമസ് (അജി), പള്ളി മാനേജിങ്ങ് കമ്മിറ്റി അംഗങ്ങള്‍ മുതലായവര്‍ തിരുമേനിയുടെ സന്ദര്‍ശനം ഒരു ആഘോഷമാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.

ന്യൂജേഴ്‌സിയില്‍ നിന്ന് ഷാജി കുളത്തിങ്കല്‍ അറിയിച്ചതാണിത്.