തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍നിന്ന് ആരംഭിച്ചു.

12:11 am 23/12/2016

download (3)
കോഴഞ്ചേരി: ശബരിമല ശ്രീധര്‍മശാസ്താവിന് മണ്ഡലപൂജക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍നിന്ന് ആരംഭിച്ചു. ഒന്നാംദിവസ വിശ്രമസ്ഥലമായ ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം വരെ നൂറുകണക്കിന് ഭക്തര്‍ പാതയോരത്ത് നിറപറയും നിലവിളക്കുമായി രഥഘോഷയാത്രയെ വരവേറ്റു.

പുലര്‍ച്ചെ പാര്‍ഥസാരഥി ക്ഷേത്രത്തിലെ നിര്‍മാല്യത്തിനുശേഷം ഗജമണ്ഡപത്തില്‍ തങ്കഅങ്കി പേടകം തുറന്നപ്പോള്‍ മുതല്‍ നിരവധി അയ്യപ്പഭക്തര്‍ ശരണമന്ത്രങ്ങളുമായി ദര്‍ശനം നടത്തി കാണിക്കയര്‍പ്പിച്ചു. ഗണപതിഹോമത്തിനുശേഷം ശ്രീകോവിലില്‍നിന്ന് മേല്‍ശാന്തി ഭദ്രദീപം തെളിയിച്ച് രഥത്തിലെ കെടാവിളക്കിലേക്ക് പകര്‍ന്നു. ശബരീശന് അണിയാന്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ പണികഴിച്ച തങ്കഅങ്കി പ്രത്യേകം തയാറാക്കിയ രഥത്തിലേക്ക് എഴുന്നള്ളിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ രഥയാത്ര ആരംഭിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍, മുന്‍ എം.എല്‍.എമാരായ എ. പത്മകുമാര്‍, മാലത്തേ് സരളാദേവി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, ദേവസ്വം കമീഷണര്‍ രാമരാജ പ്രേമ പ്രസാദ്, അസി. കമീഷണര്‍ രാജീവ് കുമാര്‍ തുടങ്ങിയവര്‍ ആറന്മുളയില്‍ എത്തിയിരുന്നു. മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലായിരുന്നു ആദ്യ സ്വീകരണം.