തടവുകാരെ വിട്ടയ്ക്കുന്നതില്‍ ഒബാമയ്ക്ക് സര്‍വ്വകാല റിക്കാര്‍ഡ് –

08:30 pm 7/10/2016

– പി.പി.ചെറിയാന്‍
Newsimg1_50065003
വാഷിങ്ടണ്‍ : മയക്കുമരുന്നു കേസില്‍ ദീര്‍ഘകാല ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 102 തടവുകാരുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് വിട്ടയ്ക്കുന്നതിന് പ്രസിഡന്റ് ഒബാമ ഒക്ടോബര്‍ 6 ന് ഉത്തരവിട്ടു. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് പ്രസിഡന്റിന്റെ തീരുമാനം മാധ്യമങ്ങള്‍ക്കു കൈമാറിയത്.

ഒബാമയ്ക്ക് മുന്‍പുണ്ടായിരുന്ന 11 പ്രസിഡന്റുമാര്‍ ആകെ വിട്ടയച്ച പ്രതികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഒബാമ വിട്ടയച്ച പ്രതികളുടെ എണ്ണം. ഇന്നു വിട്ടയച്ച 102 പേര്‍ ഉള്‍പ്പെടെ ഈ വര്‍ഷം 590 പേര്‍ക്കാണ് ഒബാമ ജയില്‍ വിമോചനം പ്രഖ്യാപിച്ചത്. ഒബാമയുടെ ഭരണത്തില്‍ വിട്ടയച്ചവരുടെ എണ്ണം ഇതോടെ 774 ആയി.

ഈ വര്‍ഷം ഓഗസ്റ്റില്‍ ഒറ്റ ദിവസം 325 പേര്‍ക്ക് വിട്ടയ്ക്കല്‍ ഉത്തരവ് നല്‍കിയത് 1900 ത്തിനുശേഷം ആദ്യമായാണ്. പ്രധാനമായും മയക്കുമരുന്നു കേസില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ഒബാമയുടെ ഉത്തരവ് പ്രയോജനപ്പെട്ടിരിക്കുന്നത്.

മാനുഷിക പരിഗണന നല്‍കി പ്രതികളെ ജയില്‍ വിമുക്തരാക്കുന്നത് സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ചു കുറ്റകൃത്യങ്ങളുടെ എണ്ണം ദിനം തോറും വര്‍ദ്ധിച്ചുവരുന്ന സാഹചര്യ­ത്തില്‍.