തന്മാത്രയെ ബ്ലസി ഹിന്ദിയിലേക്ക് കൊണ്ടു പോകുന്നു

06:55PM 30/4/2016

2009071751350101
മലയാളത്തില്‍ ഹിറ്റായ തന്മാത്രയ്ക്ക് സംവിധായകന്‍ ബ്ലസി ഹിന്ദി റീമേയ്ക്ക് ഒരുക്കുന്നു. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ വച്ചാണ് ബ്ലസി തന്മാത്രയുടെ ഹിന്ദി റീമേയ്ക്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശന്‍ അല്‍ഷിമേഴ്‌സ് ബാധിതനാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
2005ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും തന്മാത്ര സ്വന്തമാക്കി. മോഹന്‍ലാലിനെ മികച്ച നടനായും ബ്ലസിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും തന്മാത്രയ്ക്ക് ആയിരുന്നു.
കളിമണ്ണിന് ശേഷം പൃഥിരാജ് നായകനാകുന്ന ആട് ജീവിതം എന്ന ചിത്രമാണ് ബ്ലസി ചെയ്യാനിരുന്നത്. ത്രിഡി മികവോടെ ആട് ജീവിതം 2017ല്‍ തീയറ്ററുകളില്‍ എത്തിക്കാനാണ് ബ്ലസിയുടെ ശ്രമം. എന്നാല്‍ ആട് ജീവിതത്തിന് മുമ്പ് തന്മാത്രയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.