തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

11;40 AM 11/09/2016

images (4)
കാഞ്ഞിരപ്പള്ളി: തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന 11 കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11.30ഓടെ കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടുവന്ന ഒമ്പതു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ദമ്പതികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെല്ലാം 10 വയസ്സില്‍ താഴെയുള്ളവരാണ്. കെ.എസ്.ആര്‍.ടി.സി ബസിന്‍െറ പ്ളാറ്റ്ഫോമില്‍ ഇരുന്നും കിടന്നും യാത്രചെയ്യുന്ന കുട്ടികളെ കണ്ട യാത്രക്കാര്‍ ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പൊലീസിനെ അറിയിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ ബസില്‍നിന്ന് കസ്റ്റഡിയിലെടുത്ത കുട്ടികളെ രാത്രി പനച്ചേപ്പള്ളിയിലുള്ള ബേബി സദനത്തില്‍ താമസിപ്പിച്ച ശേഷം ശനിയാഴ്ച ഉച്ചയോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. പാമ്പാടി ആശ്വാസ് ഭവനിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുപ്പിക്കാനാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ദമ്പതികളുടെ മൊഴി. ആശ്വാസ് ഭവന്‍െറ തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിലുള്ള ആശ്രമത്തില്‍നിന്നുള്ള കുട്ടികളാണ് ഇവരെന്നും പൊലീസിനോടു പറഞ്ഞു. ഇതനുസരിച്ച് പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ശനിയാഴ്ച ഉച്ചവരെ ഹാജരാക്കാതിരുന്നതിനാലാണ് പൊലീസ് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയത്. കമ്മിറ്റിയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കുട്ടികള്‍. ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇടുക്കി കുളമാവ് സ്വദേശി സുനിലും ഭാര്യയുമാണ് കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ മകനും ഇവരോടൊപ്പം ഉണ്ടായിരുന്നു.