തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളിലെ മത്സരം അനിശ്‌ചിതത്വത്തില്‍

02:03pm 29/5/2016
download (2)

ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക്‌ പണവും സമ്മാനങ്ങളും നല്‍കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ താല്‍ക്കാലികമായി മാറ്റി വെച്ച തമിഴ്‌നാട്ടിലെ രണ്ടു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ വീണ്ടും അനിശ്‌ചിതത്വത്തില്‍. രണ്ടു തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പ്‌ മൂന്നാം തവണയും മാറ്റിയതോടെ തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരേ ഡിഎംകെ യെ പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത്‌ വന്നു.
വോട്ട്‌ പിടിക്കാനായി പണം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ അരുവാകുറിച്ചി തഞ്ചാവൂര്‍ സീറ്റുകളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്‌ഞാപനമാണ്‌ റദ്ദാക്കിയത്‌. ഇന്ത്യന്‍ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ തമിഴ്‌നാട്ടില്‍ രണ്ടു മണ്ഡലങ്ങളിലെ വിജ്‌ഞാപനം റദ്ദാക്കുന്നത്‌. നേരത്തേ രണ്ടു തവണ ഇവിടെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പുകള്‍ മാറ്റി വെച്ചിരുന്നു. സ്‌ഥാനാര്‍ത്ഥികളും പാര്‍ട്ടികളും വോട്ടിനായി പണമൊഴുക്കുന്നു എന്നായിരുന്നു തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കണ്ടെത്തല്‍. മെയ്‌ 16 ല്‍ നിന്നും ആദ്യം തെരഞ്ഞെടുപ്പ്‌ മെയ്‌ 23 ലേക്കായിരുന്നു മാറ്റിയത്‌. എന്നാല്‍ മെയ്‌ 21 ന്‌ ചേര്‍ന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ യോഗം ജൂണ്‍ 13 ലേക്ക്‌ വോട്ടെടുപ്പ്‌ വീണ്ടും മാറ്റി. മെയ്‌ 16 ന്‌ തന്നെ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്‌ നടക്കുകയും എഐഎഡിഎംകെ തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തില്‍ എത്തുകയും ചെയ്‌തിരുന്നു.
വോട്ടര്‍മാരെ മസില്‍ പവര്‍ ഉപയോഗിച്ച്‌ സ്വാധീനിക്കുന്നതിനെതിരേ നേരത്തേ തന്നെ കടുത്ത നിലപാട്‌ എടുത്ത തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വോട്ടിന്‌ പണം നല്‍കുന്നതായി കണ്ടെത്തിയതോടെ പോളിംഗ്‌ തന്നെ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ ജൂണ്‍ 13 ന്‌ നടത്തുന്നതിനെതിരേ ഇപ്പോള്‍ ഡിഎംകെ കമ്മീഷന്‌ പരാതി നല്‍കിയിട്ടുണ്ട്‌. റംസാന്‍ സീസണ്‍ തുടങ്ങുന്നതും രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാലും ജൂണ്‍ 6 ന്‌ മുമ്പ്‌ തെരഞ്ഞെുടപ്പ്‌ നടത്താനാണ്‌ ഇവര്‍ പറയുന്നത്‌.