തലസ്ഥാനത്തെ എ.ടി.എമ്മുകളില്‍ ഹൈടെക് തട്ടിപ്പ്

07:00pm 08/08/2016
images (1)
തിരുവനന്തപുരം: തലസ്ഥാനത്തെ ഏതാനും എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ശാഖയിലെ എസ്.ബി.ഐയില്‍ അക്കൗണ്ടുള്ള അമ്പതോളം പേരുടെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കപ്പെട്ടത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ അക്കൗണ്ടുകളില്‍ നിന്നു പിന്‍വലിച്ചതായി ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി.

ആല്‍ത്തറയിലെ ബാങ്കിനോടനുബന്ധിച്ചുള്ള എ.ടി.എം കൗണ്ടര്‍ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചതായി കണ്ടത്തെിയിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തെ തുടര്‍ന്ന് ഈ എ.ടി.എം കൗണ്ടര്‍ പൊലീസ് സീല്‍ ചെയ്തു.
മുംബൈ വര്‍ളിയിലെ എ.ടി.എമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് തട്ടിപ്പിനിരയായ ചിലര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ടോന്‍മെന്‍റ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയാണ്.