തലസ്ഥാനത്ത് കോളേജ് അധ്യാപികയുടെ 51,000 രൂപ നഷ്ടമായെന്ന് പരാതി

O8:4l PM 09/09/2016
download
തിരുവനന്തപുരം: കരമന നീറമണ്‍കര എന്‍.എസ്.എസ് കോളേജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായെന്ന് പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പട്ടം മരപ്പാലം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് രണ്ടോ മൂന്നോ തവണയായി 51,000 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി. പ്രാഥമിക പരിശോധനയില്‍ ചൈനയില്‍ നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിച്ചതായാണ് സൂചന. കുറച്ചുനാളായി അധ്യാപിക മെഡിക്കല്‍ അവധിയിലായിരുന്നു. അതിനാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിരുന്നില്ല. എല്ലാമാസവും അഞ്ചാംതീയതിയാണ് അക്കൗണ്ടില്‍ ശമ്പളം എത്തുന്നത്. ഇതില്‍ നല്ലൊരുതുകയുണ്ടായിരുന്നതായി ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 50,000 രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നു. പണം പിന്‍വലിക്കപ്പെട്ടത് ചൈനയിലായതിനാല്‍ ഇവിടെ കേസ് എടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ബാങ്ക് അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപിക ബാങ്കിനെ സമീപിച്ചു. ബാങ്കിന്റെ സാങ്കേതികവിഭാഗത്തില്‍ നിന്നും മറുപടി ലഭ്യമാകുന്ന മുറക്ക് ക്രൈംബ്രാഞ്ചിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപിക.

ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ സംബന്ധമായ എന്തെങ്കിലും തകരാറാണോ പ്രശ്‌നകാരണമെന്നും പരിശോധിക്കുന്നുണ്ട്. എന്നാലിതേക്കുറിച്ച് പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. അതേസമയം, ഇവരുടെ പരാതിയെകുറിച്ച് ഹൈടെക് എ.ടി.എം കവര്‍ച്ച കേസ് അന്വേഷിക്കുന്ന കന്‍േറാണ്‍മെന്റ് പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ റുമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ ഇപ്പോള്‍ റിമാന്റിലാണ്. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ വല്ലതും ലഭ്യമാകുമോയെന്ന് കന്‍േറാണ്‍മെന്റ് പൊലീസ് പരിശോധിക്കും. ഗബ്രിയേലിന്റെ കൂട്ടുപ്രതികളായ നാലുപേര്‍ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരാരെങ്കിലും ചൈനയില്‍ നിന്ന് പണം പിന്‍വലിക്കുന്നതാണോയെന്നും പൊലീസ് പരിശോധിക്കും.