0754am 26/6/2016
– പി.പി.ചെറിയാന്‍
ന്യൂയോര്‍ക്ക്: അനുവദിക്കപ്പെട്ട പരിധിയില്‍ കവിഞ്ഞു താടി വളര്‍ത്തിയതിനു പിരിച്ചുവിടപ്പെട്ട പോലീസ് ഓഫീസറെ മുന്‍കാല പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളും നല്‍കി തിരിച്ചെടുക്കുന്നതിന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി പി.ജെവിന്‍ കാസ്റ്റല്‍ ജൂണ്‍ 22ന് ഉത്തരവിട്ടു. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിരിച്ചുവിടല്‍ നടപടിക്കെതിരെ ഫയല്‍ ചെയ്ത കേസ്സിലാണ് കോടതിവിധി.
പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പോളിസിയനുസരിച്ച് ഒരു മില്ലിമീറ്റര്‍ വരെ താടിവളര്‍ത്തുന്നതിന് അനുമതിയുണ്ട് എന്നാല്‍ മസൂദ് സയ്ദ് ഒരു ഇഞ്ചിലധികം താടി വളര്‍ത്തിയതായിരുന്നു പിരിച്ചു വിടലിനു കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്.
സാധാരണ ജോലിക്കെത്തിയ സയദിനെ യൂണിഫോം ധരിക്കാത്ത രണ്ടു സൂപ്പര്‍വൈസര്‍മാരുടെ അകമ്പടിയോടെ സഹപ്രവര്‍ത്തകരുടെ മുമ്പിലൂടെ മന്‍ഹാട്ടല്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആസ്ഥാനത്തു നിന്നും പുറത്താക്കിയത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സയ്ദ് കോടതിയില്‍ വാദിച്ചു.
ഒന്നോ രണ്ടോ ദിവസം താടി വടിച്ചില്ലെങ്കില്‍ ഒരു മില്ലിമീറ്റര്‍ നീളത്തില്‍ താടിവളരുമെന്നും, ആയതിനാല്‍ പോളിസി നടപ്പാക്കുന്നതു വളരെ സൂക്ഷിച്ചുവേണമെന്നും കോടതി അഭിപ്രായപ്പെട്ടു.
താടിവളര്‍ത്തല്‍ നിരോധനം നിര്‍ബ്ബന്ധമാണെന്നും, ആരോഗ്യകാരണങ്ങളാലും, പ്രത്യേക ചുമതലകള്‍ നല്‍കുമ്പോഴും മാത്രമേ ഈ നിയമത്തില്‍ ഇളവ് നല്‍കാവൂ എന്ന് സിറ്റി അറ്റോര്‍ണി ചൂണ്ടികാട്ടി. താടിവെച്ചു റെസ്പിറേട്ടേഴ്‌സ് വാര്‍ഷീക ടെസ്റ്റ് നടത്തുന്നത് ഓക്യുപേഴസണല്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചിട്ടുണ്ടെന്നും അറ്റോര്‍ണി പറഞ്ഞു.
കോടതിവിധി മനസ്സിനു നല്ല ആശ്വാസമേകിയതായി സയ്ദ് പറഞ്ഞു. മതാചാരമനുസരിച്ചു താടി വളര്‍ത്തുന്നവര്‍ക്ക് ഈ വിധി പ്രചോദനമായി തീരട്ടെ എന്നും സയ്ദ് കൂട്ടിച്ചേര്‍ത്തു.