തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിലും പ്രചരണത്തിലും ഹിലറിക്ക് ഒന്നാം സ്ഥാനം

08:56 pm 20/9/2016

– പി. പി. ചെറിയാന്‍
Newsimg1_6472142
വാഷിങ്ടണ്‍ : പൊതു തിരഞ്ഞെടുപ്പിന് അന്‍പതുനാള്‍ ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹിലറി ക്ലിന്റന്‍ ചിലവാക്കിയ തുക എതിരാളി ഡോണാള്‍ഡ് ട്രംപിനേക്കാള്‍ ഏഴിരട്ടി ! ടിവി പരസ്യങ്ങള്‍ക്കാണ് ഹിലറി ഏറ്റവും കൂടുതല്‍ തുക ചിലവാക്കിയിരിക്കുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഹിലറിക്കുവേണ്ടി പ്രചാരണ രംഗത്തുളള വാളണ്ടിയര്‍മാരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും എണ്ണം നോക്കിയാല്‍ ട്രംപിനേക്കാള്‍ രണ്ടിരട്ടിയാണ്.

ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഹിലറിക്ക് 435 മില്യണ്‍ ഡോളറും ട്രംപിന് 160 മില്യന്‍ ഡോളറും തിരഞ്ഞെടുപ്പു ഫണ്ടായി ലഭിച്ചിട്ടുണ്ട്. എല്ലാ രംഗത്തും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ഹിലറിക്ക് വോട്ടറന്മാരുടെ പിന്തുണ എത്രമാത്രം ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാകണമെങ്കില്‍ നവംബര്‍ 6 വരെ കാത്തിരിക്കണം. ഹിലറി ക്യാമ്പില്‍ ആദ്യം ഉണ്ടായിരുന്ന വിജയ പ്രതീക്ഷകള്‍ക്ക് സമീപകാല സംഭവങ്ങള്‍ മങ്ങല്‍ ഏല്‍പിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. എട്ടു വര്‍ഷം വൈറ്റ് ഹൗസില്‍ കഴിഞ്ഞ ഹിലറി മറ്റൊരു നാലുവര്‍ഷം കൂടി വൈറ്റ് ഹൗസില്‍ ഉണ്ടാകുമോ എന്നത് സംശയമാണ്.

എന്നാല്‍ രാഷ്ട്രീയക്കാരനല്ലാത്ത ട്രംപ് നേരിടുന്ന കടമ്പകളും നിരവധിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കളും ട്രംപിനെ പരസ്യമായി പിന്തുണയ്ക്കുവാന്‍ തയ്യാറായിട്ടില്ല. താഴേ തട്ടില്‍ പാര്‍ട്ടി മിഷനറിയുടെ പ്രവര്‍ത്തനം അത്രയും സജീവമല്ല. അമേരിക്കയുടെ ഭാവി ശോഭനമാകണമെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വരണമെന്ന് മുദ്രാവാക്യവുമായി മുന്നേറുന്ന ട്രംപ് ദേശീയ സുരക്ഷയ്ക്ക് നല്‍കുന്ന പ്രഥമ പരിഗണനയും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നയവും അമേരിക്കന്‍ ജനത എങ്ങനെ നോക്കി കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും ട്രംപിന്റെ വിജയ സാധ്യതകള്‍.