തിരഞ്ഞെടുപ്പ് ഫണ്ട് (സംഭാവന ദുരുപയോഗം) കോണ്‍ഗ്രസംഗം അമിബിറയുടെ പിതാവിന് ജയില്‍

09:32 am 21/8/2016

പി.പി. ചെറിയാന്‍
Ami bera and father

കലിഫോര്‍ണിയ : ഡമോക്രാറ്റിക് യുഎസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ അമിബിറയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന വാങ്ങിയതു നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ അമിബിറയുടെ പിതാവ് ബാബുലാല്‍ ബിറക്ക് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ട്രോയ് എല്‍. നണ്‍ലി ഒരു വര്‍ഷവും ഒരു ദിവസവും തടവ് ശിക്ഷ വിധിച്ചു.

പ്രായം പരിഗണിച്ച് 83 വയസുളള ബാബു ലാലിനു നല്‍കിയ ശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം അറ്റോര്‍ണിയുടെ അപേക്ഷ ജ!ഡ്ജി അംഗീകരിച്ചില്ല. ചെയ്തതു തെറ്റാണെന്നും ക്ഷമിക്കണമെന്നും ബാബുലാല്‍ ജഡ്ജിയോട് അപേക്ഷിച്ചുവെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.

2010 ലും 2012 ലും ബാബു ലാലിന്റെ മകന്‍ അമിബിറയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സ്‌നേഹിതന്മാരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത നിയമ വിരുദ്ധമായ 260,000 ഡോളര്‍ രഹസ്യമായി വിവിധ അക്കൗണ്ടുകളില്‍ ബാങ്കില്‍ നിക്ഷേപിച്ചു എന്നതാണ് ബാബു ലാലിനെതിരായ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2010 ലും 2014 ലും യുഎസ് കോണ്‍ഗ്രസിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ അമിബിറാ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രകോപിച്ചിരുന്നു. അധികൃത മായി പിരിച്ചെടുത്ത പണം പ്രചരണത്തിന് ഉപയോഗിച്ചതു റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമായെന്ന് ഇവര്‍ വിശ്വസിക്കുന്നു. വിധി കേള്‍ക്കുന്നതിന് കോണ്‍ഗ്രസ് അംഗം അമിബിറ കോടതിയില്‍ എത്തിയിരുന്നില്ല. പിതാവിനെതിരായ വിധി മാനസികമായി തന്നെ തളര്‍ത്തിയെന്നും കുടുംബാംഗങ്ങള്‍ ഈ വിധിയോട് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ലെന്നും ഏഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ അമിബിറ പറയുന്നു.

ഫെഡറല്‍ ഗൈഡ് ലൈനനുസരിച്ച് മൂന്നു വര്‍ഷം വരെ ശിക്ഷയും 100,200 ഡോളര്‍ പിഴയും ലഭിക്കാവുന്ന കേസാണിതെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു. തൊണ്ണൂറു ദിവസത്തിനകം കീഴടങ്ങി ജയില്‍ ശിക്ഷ അനുഭവിക്കണം. പത്തുമാസത്തിനുശേഷം പുറത്തിറങ്ങാമെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.