തിരുജനനത്തിന്റെ സന്ദേശങ്ങളുമായി യുവധാര ക്രിസ്മസ് പതിപ്പ് പുറത്തിറങ്ങി

– ബെന്നി പരിമണം
Newsimg1_73083936
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന യുവജനസഖ്യത്തിന്റെ മുഖപത്രമായ “യുവധാര’യുടെ ക്രിസ്മസ് വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി. മാനവരാശിയുടെ നന്മയ്ക്കായി തിരുവവതാരം ചെയ്ത യേശുക്രിസ്തുവിന്റെ ജനനത്തിന്റെ സദ്‌വാര്‍ത്താദൂതുകള്‍ ആലേഖനം ചെയ്ത “യുവധാര’ ക്രിസ്മസ് സ്‌പെഷല്‍ എഡിഷന്‍ വിഭാവനം ചെയ്തിരിക്കുന്ന ചിന്താവിഷയം “Self Emptied Incarnation’ (സ്വയം ശുന്യമാക്കിയ ജഡാവതാരം) എന്നതാണ്. യുവധാരയുടെ ഡിജിറ്റല്‍ കോപ്പി ഭദ്രാസനത്തിലെ എല്ലാ വിശ്വാസികള്‍ക്കും കിട്ടത്തക്ക ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു.

ക്രിസ്മസിന്റെ സ്‌നേഹസന്ദേശങ്ങള്‍ അടങ്ങിയ ലേഖനങ്ങളും, കവിതകളും, ഓര്‍മ്മക്കുറിപ്പുകളും മറ്റുമായി മികച്ച നിലവാരത്തില്‍ തയാറാക്കിയിരിക്കുന്ന “യുവധാര’യുടെ ക്രിസ്മസ് പതിപ്പിന്റെ ചീഫ് എഡിറ്ററായി ഷൈജു വര്‍ഗീസ് പ്രവര്‍ത്തിച്ചു. അജു മാത്യു, ഉമ്മന്‍ മാത്യു, റോജിഷ് സാം സാമുവേല്‍, ബെന്നി പരിമണം തുടങ്ങിയവര്‍ യുവധാരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ. ബിനു സി. ശാമുവേല്‍, സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ മാത്യൂസ് തോമസ്, അസംബ്ലി അംഗം ലാജി തോമസ് എന്നിവര്‍ അംഗങ്ങളായ യുവജന സഖ്യം കൗണ്‍സില്‍സഖ്യത്തിന് നേതൃത്വം നല്‍കുന്നു.